പോൾ ആന്റണി ചീഫ് സെക്രട്ടറി

തിരുവനന്തപുരം∙ ചീഫ് സെക്രട്ടറിയായി വ്യവസായ–ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഡോ. കെ.എം.ഏബ്രഹാം 31നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ളവരും സർവീസിൽ സീനിയറുമായ എ.കെ.ദുബെ, അരുണ സുന്ദർരാജ് എന്നിവർ കേരളത്തിലേക്കു മടങ്ങാൻ താൽപര്യം കാട്ടാത്ത സാഹചര്യത്തിലാണു പോൾ ആന്റണിയെ നിയമിച്ചത്.

1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേരളത്തിന്റെ നാൽപത്തിനാലാമത്തെ ചീഫ് സെക്രട്ടറിയാണ്. അടുത്ത ജൂൺ 30 വരെ സർവീസുണ്ട്. കേന്ദ്ര സെക്രട്ടറിമാരുടെ പട്ടികയിൽ എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള പോൾ ആന്റണി തൃശൂർ കാട്ടൂർ ആലപ്പാട്ട് പാലത്തിങ്കൽ പി.പി.ആന്റണിയുടെ മകനാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ കലക്ടറായി സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്തു വൈദ്യുതി, പട്ടികവിഭാഗ ക്ഷേമ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.

2011 മുതൽ ’16 വരെ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ചെയർമാനായി. 2000- 2005 കാലത്തു കൊച്ചി സ്പെഷൽ ഇക്കണോമിക് സോണിന്റെ ഡവലപ്മെന്റ് കമ്മിഷണറായിരുന്നു. ഈ സമയത്തു കൊച്ചി പോർട്ട് ട്രസ്റ്റ് ബോർഡിന്റെ ട്രസ്റ്റിയുമായി. വൈദ്യുതി ബോർഡ് ചെയർമാൻ, വാണിജ്യ നികുതി കമ്മിഷണർ, സപ്ലൈകോ എംഡി, വ്യവസായ വാണിജ്യ ഡയറക്ടർ പദവികളും വഹിച്ചു.

ഡൽഹി സ്കൂൾ ഒഫ് ഇക്കണോമിക്സിൽനിന്നു ധനതത്വശാസ്ത്രത്തിൽ എംഎ നേടിയ പോൾ ആന്റണി ബ്രിട്ടനിലെ ബർമിങാം യൂണിവേഴ്സിറ്റിയിൽനിന്നു പബ്ലിക് ഇക്കണോമിക് മാനേജ്മെന്റിലും എംഎ നേടിയിട്ടുണ്ട്. ബെംഗളൂരു, അഹമ്മദബാദ്, കൊൽക്കത്ത ഐഐഎമ്മുകളിൽ പരിശീലനം നേടി. ഭാര്യ: നൈന പോൾ. തെരേസ പോൾ, ആന്റണി പോൾ എന്നിവർ മക്കളാണ്.