Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎസ് ദമ്പതികളെ സ്ഥലം മാറ്റിയതു മുഖ്യമന്ത്രി പറഞ്ഞതിനു വിരുദ്ധമായി; ഉത്തരവു മരവിപ്പിച്ചു

satheesh-bino-ajitha

തിരുവനന്തപുരം∙ കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകാൻ നിരാക്ഷേപ പത്രം (എൻഒസി) തേടിയ ഐപിഎസ് ദമ്പതികളെ സ്ഥലം മാറ്റി അവരിൽ ഒരാൾക്കു പകരം വിജിലൻസ് അന്വേഷണം നേരിട്ടയാളെ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചതു വിവാദത്തിൽ. മുഖ്യമന്ത്രി നിർദേശിച്ചതിനു വിരുദ്ധമായാണ് ഉത്തരവിറക്കിയതെന്നു വ്യക്തമായതോടെ സ്ഥലം മാറ്റം തൽക്കാലം മരവിപ്പിച്ചു.

വിജിലൻസ് അന്വേഷണവും സസ്പെൻഷനും നേരിട്ട എസ്പി: ജേക്കബ് ജോബിനെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തന്നെ അമ്പരപ്പിച്ചു. കൊല്ലം സിറ്റി പൊലിസ് കമ്മിഷണർ അജിതാ ബീഗം, ഭർത്താവും പത്തനംതിട്ട എസ്പിയുമായ സതീഷ് ബിനോ എന്നിവരാണു ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാദമിയിൽ മൂന്നു വർഷത്തെ ഡപ്യൂട്ടേഷനിൽ പോകാൻ എൻഒസിക്ക് അപേക്ഷ നൽകിയത്.

രണ്ടുമാസം മുൻപു നൽകിയ അപേക്ഷയിൽ തീരുമാനമാകാതെ വന്നതോടെ ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു കാര്യമറിയിച്ചു. ഉടൻ തന്നെ ഉത്തരവിറക്കാൻ മുഖ്യമന്ത്രി ഓഫിസിലെ പൊലീസ് കാര്യങ്ങൾ നോക്കുന്ന സ്റ്റാഫിനോടു നിർദേശിച്ചു. എന്നാൽ എൻഒസി നൽകുന്നതിനു പകരം ഇരുവരെയും തിരക്കിട്ടു തൽസ്ഥാനത്തു നിന്നു മാറ്റിയ ഉത്തരവാണ് ആഭ്യന്തര വകുപ്പ് ഇറക്കിയത്. പകരം നിയമനം നൽകിയതുമില്ല.

ഡപ്യൂട്ടേഷൻ ഉത്തരവു ലഭിച്ചാലേ സാധാരണ ഉദ്യോഗസ്ഥരെ ഇപ്രകാരം സ്ഥലം മാറ്റാറുമുള്ളൂ എന്നിരിക്കെയാണ് അപ്രതീക്ഷിത മാറ്റം ദമ്പതികൾക്ക് ഉണ്ടായത്. കൊല്ലം കമ്മിഷണറായി എ.ശ്രീനിവാസിനെയും പത്തനംതിട്ടയിൽ ജേക്കബ് ജോബിനെയും പകരക്കാരായും വച്ചു. ശബരിമലയിൽ മകരവിളക്കിന്റെ സുരക്ഷാ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കെ അതിനു നേതൃത്വം നൽകുന്ന പത്തനംതിട്ട എസ്പിയെ മാറ്റിയതും ഇതോടെ വിവാദത്തിലായി.

ഇതിനിടെ സിപിഎം കൊല്ലം ജില്ലാ സമ്മേളത്തിൽ പങ്കെടുക്കുകയായിരുന്ന മുഖ്യമന്ത്രിയെ കമ്മിഷണർ അജിതാ ബീഗം കണ്ടു. ‘‘പറഞ്ഞപോലെ ഉത്തരവിറങ്ങിയല്ലോ’’ എന്നു മുഖ്യമന്ത്രി കമ്മിഷണറോടു ചോദിച്ചു. എന്നാൽ എൻഒസിയാണ് ആവശ്യപ്പെട്ടതെന്ന് അജിതാ ബീഗം പറഞ്ഞപ്പോഴാണു മുഖ്യമന്ത്രിക്കു ഉത്തരവ് മാറിയ കാര്യം മനസ്സിലായത്. ഇരുവർക്കും എൻഒസി ഉടൻ നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇന്നലെ ചീഫ് സെക്രട്ടറി ഉത്തരവിൽ ഒപ്പിട്ടു. നിയമവിരുദ്ധ ശുപാർശകൾക്കു വഴങ്ങാത്ത ഉദ്യോഗസ്ഥരെന്നു പേരെടുത്ത ഐപിഎസ് ദമ്പതിമാരുടെ സേവനം വിട്ടു തരണമെന്നു ഹൈദരബാദ് പൊലീസ് അക്കാദമി ഡയറക്ടർ നേരിട്ടാണു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്.

സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് നിഷാമുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണത്തിലാണു ജേക്കബ് ജോബ് സസ്പെൻഷനിലായത്. വിരമിക്കാൻ ഒന്നര മാസം കൂടി മാത്രം ബാക്കിയുള്ള ഇദ്ദേഹത്തെ നിയമിക്കാൻ ചിലർ നടത്തിയ കുറുക്കുവഴിയായിരുന്നു ദമ്പതിമാരുടെ മാറ്റമെന്നു ആരോപണമുണ്ട്. സംഭവം വിവദമായതോടെ ശബരിമലയിൽ മകരവിളക്കു കഴിയുന്നതു വരെ തൽസ്ഥാനത്തു തുടരാൻ സതീഷ് ബിനോയോടും അജിതാ ബീഗത്തോടും ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു.