Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എരുമേലി ചന്ദനക്കുടം നാളെയും പേട്ടതുള്ളൽ മറ്റന്നാളും

erumely-masjid നാളെ നടക്കുന്ന ചന്ദനക്കുടം ആഘോഷത്തിന് മുന്നോടിയായി ദീപാലംകൃതമായ എരുമേലി ടൗൺ നൈനാർ മസ്ജിദ്

എരുമേലി∙ മാനവമൈത്രിയും സഹിഷ്ണുതയും ഊടും പാവും  ഇഴചേർക്കുന്ന ചരിത്ര പ്രസിദ്ധമായ ചന്ദനക്കുടം നാളെയും പേട്ടതുള്ളൽ മറ്റന്നാളും നടക്കും. പേട്ടതുള്ളലിനും ചന്ദനക്കുടത്തിനുമുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മകരവിളക്ക് ദിനം സമാഗതമായതോടെ എരുമേലിയിലേക്ക് തീർഥാടക പ്രവാഹം.

നാളെ വൈകിട്ട് ഏഴിനാണ് എരുമേലി മഹല്ല് മുസ്‌ലിം ജമാ അത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ചന്ദനക്കുടം ഘോഷയാത്ര ആരംഭിക്കുക. ചടങ്ങിന് മുന്നോടിയായി നൈനാർ മസ്ജിദ് അങ്കണത്തിൽ  6.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ, ഇശലുകൾ ഒഴുകുന്ന സംഗീത നിശ, കരകയാട്ടം, ചെണ്ടമേളം, ശിങ്കാരിമേളം, ദീപക്കാഴ്ചകൾ എന്നിവ ആഘോഷത്തിന് ദൃശ്യ, ശ്രാവ്യ മധുരം പകരും. എരുമേലി പേട്ടക്കവലയിൽ ആരംഭിക്കുന്ന ഘോഷയാത്ര  വിവിധ സ്ഥലങ്ങളിലൂടെ കടന്നു പോകും. ദേവസ്വം, അയ്യപ്പസേവാസംഘം, വ്യാപാരികൾ, പൊലീസ് എന്നിവർ സ്വീകരിക്കും.

erumely-petta എരുമേലിയിൽ പേട്ട തുള്ളുന്ന അയ്യപ്പ ഭക്തർ

അമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ മറ്റന്നാൾ നടക്കും. ഉച്ചയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പറക്കുമ്പോൾ അമ്പലപ്പുഴ സംഘത്തിന്റെ തുള്ളൽ ആരംഭിക്കും. ഭഗവത് സാന്നിധ്യം  നിറഞ്ഞ തിടമ്പേറ്റിയ ഗജവീരനൊപ്പം അമ്പലപ്പുഴ സംഘം പിന്നീട് വാവരു സ്വാമിയെ ദർശിക്കാൻ നൈനാർ മസ്ജിദിൽ പ്രവേശിക്കും. സമൂഹ പെരിയോൻ കളത്തിൽ ചന്ദ്ര ശേഖരൻ നായരെയും സംഘത്തെയും ജമാ അത്ത് പസിഡന്റ് പി.എ.ഇർഷാദിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. വാവരു സ്വാമിയുടെ പ്രതിനിധിക്കൊപ്പം സംഘം പിന്നീട്  വലിയമ്പലത്തിലേക്ക് പോകും.

ഉച്ചകഴിഞ്ഞ് ആകാശത്ത് വെള്ളി നക്ഷത്രം കാണുമ്പോൾ ആലങ്ങാട് സംഘത്തിന്റെ തുള്ളൽ ആരംഭിക്കും. വെള്ള വസ്ത്രമണിഞ്ഞ് ശരീരമാകെ കളഭം ചാർത്തിയാണ് സംഘം തുള്ളൽ നടത്തുന്നത്. പെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിൽ ഗജവീരൻമാർ, കൊടി, ഗോളക, കോമരങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് തുള്ളൽ. പേട്ടതുള്ളൽ നടത്തിയ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളെ ധർമശാസ്താ ക്ഷേത്രത്തിൽ ദേവസ്വം അധികൃതർ സ്വീകരിക്കും.