തിരുവനന്തപുരം∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. 17 വർഷത്തിനുശേഷമാണു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഒരു മലയാളി എത്തുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
1981ൽ അഭിഭാഷകനായി ഒൗദ്യോഗിക ജീവിതം ആരംഭിച്ച ആന്റണി ഡൊമിനിക്കിനു കമ്പനി തൊഴിൽ നിയമങ്ങളിൽ ഏറെ പാണ്ഡിത്യമുണ്ട്. നവംബർ മുതൽ ആക്ടിങ് ചീഫ് ജസ്റ്റിസാണ്.
കോട്ടയം പൊൻകുന്നം കരിക്കാട്ടുകുന്നേൽ കുടുംബാംഗമായ ഇദ്ദേഹം 2007ൽ ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയും 2008ൽ സ്ഥിരം ജഡ്ജിയുമായി. 2000ൽ ജസ്റ്റിസ് കെ.കെ.ഉഷയാണ് ഇതിനു മുമ്പ് കേരള ചീഫ് ജസ്റ്റിസ് ആയ മലയാളി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി.തോമസ്, എ.കെ.ബാലൻ, ഹൈക്കോടതി ജഡ്ജിമാർ, കേരള കോൺഗ്രസ്(എം) ചെയർമാൻ കെ.എം.മാണി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായിരുന്നു.