ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക ജുനൈദ് ഖാന്റെ കുടുംബത്തിനു സമർപ്പിച്ചു കെ.പി.രാമനുണ്ണി. രാജ്യത്തു നടക്കുന്ന അസഹിഷ്ണുതയോടുള്ള പ്രതിഷേധമായി, വർഗീയ വാദികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിനു പുരസ്കാരത്തുക നൽകുന്നതായി അദ്ദേഹം പറഞ്ഞു.
ഒരുലക്ഷം രൂപയുടെ അവാർഡിൽനിന്നു മൂന്നുരൂപ മാത്രം എടുത്തു ബാക്കിയുള്ള തുക അദ്ദേഹം ജുനൈദിന്റെ അമ്മ സൈറയ്ക്കു കൈമാറി. ‘ഈ തുക ജുനൈദിന്റെ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു. അതുവഴി യഥാർഥ ഹിന്ദു പാരമ്പര്യമാണു കാട്ടുന്നത്. ഞാൻ യഥാർഥ ഹിന്ദുവാണ്. എന്റെ എളിയ പ്രവൃത്തി രാജ്യത്തെ സാഹിത്യസമൂഹം അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു’– രാമനുണ്ണി വ്യക്തമാക്കി.
മുഹമ്മദ് നബിയുടെയും ശ്രീകൃഷ്ണന്റെയും ജീവിതം പ്രമേയമാക്കി മതസൗഹാർദത്തിന്റെ സന്ദേശം കൈമാറുന്ന പുസ്തകം പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ജൂൺ 22ന് ആണു ഹരിയാനയിലെ ബല്ലഭ്ഗഡ് സ്വദേശി ജുനൈദ് ഖാൻ (17) കൊല്ലപ്പെടുന്നത്. ന്യൂഡൽഹിയിലെ സദർ ബസാറിൽ നിന്ന് ഈദ് ആഘോഷത്തിനാവശ്യമായ സാധനങ്ങൾ വാങ്ങി മടങ്ങുമ്പോൾ ജുനൈദും സഹോദരങ്ങളായ ഹാഷിം, സക്കിർ, മുഹ്സിൻ എന്നിവരും ഒരുസംഘമാളുകളുടെ ആക്രമണത്തിനിരയാകുകയായിരുന്നു. മഥുരയിലേക്കു പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. മാട്ടിറച്ചി കഴിക്കുന്നവരെന്നു പറഞ്ഞായിരുന്നു മർദനം.
മലയാളത്തിലെ മികച്ച കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനു കെ.പി.രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ എന്ന നോവലാണ് അർഹമായത്. അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാറിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങുകൾക്കുശേഷമാണ് അവാർഡ് തുക ജുനൈദിന്റെ അമ്മയ്ക്കു കൈമാറിയത്.