Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖാമുഖം വെല്ലുവിളിച്ച് സിപിഎം, സംഘപരിവാർ; കടലായിയിൽ സംഘർഷം ഒഴിവാക്കിയത് പൊലീസ്

kp-ramanunni-kadalayi-temple-protest-2 കെ.പി. രാമനുണ്ണിയുടെ പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തിൽനിന്ന്.

കണ്ണൂർ∙ എഴുത്തുകാരൻ കെ.പി. രാമനുണ്ണിയുടെ പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തിന്റെ പേരിൽ സിപിഎം പ്രവർത്തകരും സംഘപരിവാർ പ്രവർത്തകരും ചിറക്കൽ കടലായി ക്ഷേത്രത്തിനകത്ത് ഏറ്റുമുട്ടി. പ്രതിഷേധത്തെ ഇരുവിഭാഗവും രാഷ്ട്രീയമുതലെടുപ്പിനുള്ള വേദിയാക്കി മാറ്റിയപ്പോൾ ഇതൊന്നുമറിയാതെ ക്ഷേത്ര ദർശനത്തിന് എത്തിയവർ ഭയപ്പാടോടെ മാറിനിന്നു. മുദ്രാവാക്യം വിളിയും വാശിയോടെ നടത്തിയ ഹരേരാമ വിളികളും വൻ പൊലീസ് സംഘത്തിന്റെ സാന്നിധ്യവുമെല്ലാം ക്ഷേത്രാന്തരീക്ഷം കലുഷിതമാക്കിയതിനെതിരെ വിശ്വാസികൾ ഇരുപക്ഷത്തോടും ഒരുപോലെ പ്രതിഷേധിച്ചു.

Read more: കഠ്‌വയ്ക്കു പ്രായശ്ചിത്തമായി രാമനുണ്ണിയുടെ ശയനപ്രദക്ഷിണം: കടലായി ക്ഷേത്രത്തിൽ കയ്യാങ്കളി

കെ.പി. രാമനുണ്ണിയെ തടയാൻ ഹിന്ദുഐക്യവേദിയുടെ മുദ്രാവാക്യങ്ങളുമായി സംഘപരിവാർ പ്രവർത്തകർ രാവിലെ മുതൽ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സി.സി. രതീഷ്, വിശ്വഹിന്ദു പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് ടി.സി. അനുരാഗ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രകാശൻ, ആർഎസ്എസ് ചിറക്കൽ മണ്ഡൽ കാര്യവാഹ് സച്ചിൻ പനങ്കാവ്, യുവമോർച്ച അഴീക്കോട് നിയോജക മണ്ഡലം പ്രസിഡന്റ് അർജുൻ മാവിലങ്ങാട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ അണിനിരന്നത്.

സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എടക്കാടൻ രവി, തോടേൻ മഹേശൻ, സിപിഎം കടലായി ബ്രാഞ്ച് സെക്രട്ടറി ഇരിങ്ങ ഗോപാലൻ, കടലായി അമ്പലം ബ്രാഞ്ച് സെക്രട്ടറി കൂടാളി രാജൻ, ചിറക്കൽ പഞ്ചായത്ത് അംഗം തോടേൻ മോഹനൻ തുടങ്ങിയവർക്കൊപ്പമാണ് കെ.പി. രാമനുണ്ണി എത്തിയത്. ക്ഷേത്രമുറ്റത്തെ ആൽമരത്തിനു സമീപം രാമനുണ്ണിയെ സംഘപരിവാർ പ്രവർത്തകർ തടഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിനു വലയം തീർത്ത് ഇവരും ഒപ്പമുണ്ടായിരുന്നു.

ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്തുകയാണെങ്കിൽ തടയില്ലെന്നു സംഘപരിവാർ പ്രവർത്തകർ പറയുകയും ഹിന്ദുമത വിശ്വാസി എന്ന നിലയിലാണു ശയനപ്രദക്ഷിണം നടത്തുന്നതെന്നു രാമനുണ്ണി പറയുകയും ചെയ്തതോടെ സമാധാനപൂർവം കാര്യങ്ങൾ മുന്നോട്ടുപോകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇരുപക്ഷവും പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.

ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച ശേഷം ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ ഇരുപക്ഷവും പൊലീസും ക്ഷേത്രത്തിനകത്തേക്ക് ഇരച്ചു കയറി. ശയനപ്രദക്ഷിണം തുടങ്ങിയ ഉടൻ ഫോട്ടോ എടുത്തിന്റെ പേരിൽ തുടങ്ങിയ വാക്കേറ്റമാണ് കയ്യാങ്കളിയിലും തമ്മിൽത്തല്ലിലും ചെന്നെത്തിയത്. വാക്കേറ്റം കടുത്തപ്പോഴേ രാമനുണ്ണിയെ ഒപ്പമുള്ളവർ പുറത്തെത്തിച്ചതിനാൽ കൂടുതൽ കുഴപ്പങ്ങളിലേക്കു നീങ്ങിയില്ല.

ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സന്നാഹം ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നതുകൊണ്ട് വാക്കേറ്റങ്ങൾ സംഘർഷത്തിലേക്കു നീങ്ങാതിരിക്കാനും കരുതലോടെ ഇടപെടാൻ കഴിഞ്ഞു.

related stories