കണ്ണൂർ∙ കഠ്‌വ സംഭവത്തിനു പ്രായശ്ചിത്തമായി ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കെ.പി. രാമനുണ്ണി പ്രതീകാത്മക ശയനപ്രദക്ഷിണം നടത്താനെത്തിയതു കയ്യാങ്കളിയിൽ കലാശിച്ചു. ക്ഷേത്രത്തിനുള്ളിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി. രാമനുണ്ണിക്കൊപ്പമുണ്ടായിരുന്ന സിപിഎം പ്രവർത്തകരും ഏറ്റുമുട്ടിയതോടെ ശയനപ്രദക്ഷിണം പൂർത്തിയാക്കാനാവാതെ രാമനുണ്ണി പുറത്തിറങ്ങി.
രാവിലെ ഒൻപതു മണിയോടെ ക്ഷേത്ര പരിസരത്ത് എത്തിയ രാമനുണ്ണിയെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തടഞ്ഞു. ഹിന്ദുമത വിശ്വാസിയാണെങ്കിൽ ഹിന്ദുമത ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്തുന്നതിൽ തെറ്റില്ലെന്നും പ്രതിഷേധമോ സമരമോ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ തടയുമെന്നും അവർ മുന്നറിയിപ്പു നൽകി. വിശ്വാസിയാണെന്നും മതാചാരപ്രകാരമാണു ശയനപ്രദക്ഷിണം നടത്താൻ ഉദ്ദേശിക്കുന്നതെന്നും രാമനുണ്ണി പറഞ്ഞു. തുടർന്നു ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചു. ഫൊട്ടോഗ്രഫർമാരെയും ചാനൽ ക്യാമറാമാന്മാരും അകത്തു പ്രവേശിക്കുന്നതു സംഘപരിവാർ പ്രവർത്തകർ വിലക്കി.
ക്ഷേത്രനടയിൽ തൊഴുതശേഷം ശയനപ്രദക്ഷിണം തുടങ്ങാനായി രാമനുണ്ണി കൊടിമരത്തിനു സമീപം എത്തിയപ്പോഴേക്കും സംഘപരിവാർ പ്രവർത്തകരും ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചിരുന്നു. ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും ക്ഷേത്രത്തിനകത്തു നിലയുറപ്പിച്ചു.
ഹരേരാമ ഭജനയുമായി സംഘപരിവാർ പ്രവർത്തകർ മുന്നിലും തൊട്ടുപിന്നിൽ രാമനുണ്ണിയുടെ ശയനപ്രദക്ഷിണവും ഒന്നിച്ചു ശ്രീകോവിൽ വലംവയ്ക്കാൻ തുടങ്ങിയതോടെ ക്ഷേത്രത്തിനകത്ത് ഏതുനിമിഷവും സംഘർഷമുണ്ടാവുമെന്ന സ്ഥിതിയായി. ഇതിനിടെ, ആരോ ഫോട്ടോ എടുക്കാൻ ശ്രമിച്ചതു സംഘപരിവാർ പ്രവർത്തകർ തടഞ്ഞു. ഇതോടെ കയ്യാങ്കളിയായി. പിന്നാലെ, യുവമോർച്ച പ്രവർത്തകനായ അർജുനെ രാമനുണ്ണിക്കൊപ്പമുണ്ടായിരുന്നവർ അടിച്ചുവെന്ന് ആരോപിച്ച് ഉന്തുതള്ളും കൂട്ടത്തല്ലും. സംഘർഷം തുടങ്ങിയതോടെ രാമനുണ്ണി പുറത്തിറങ്ങി. കയ്യാങ്കളിക്കു നേതൃത്വം നൽകിയ ചിലരെ പൊലീസും പുറത്തെത്തിച്ചതോടെ സംഘർഷം അയഞ്ഞു.
പിന്നെ ക്ഷേത്രത്തിനു പുറത്തായി ബഹളം. ഇരുപക്ഷത്തെയും ന്യായീകരിച്ചുകൊണ്ടു വാക്കേറ്റം തുടങ്ങിയതോടെ പൊലീസ് വീണ്ടും ഇടപെട്ടു.