Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

Bus Strike Private Bus

തിരുവനന്തപുരം∙ നിരക്ക് വർധന പോരെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തു നാലു ദിവസമായി തുടർന്ന ബസ് പണിമുടക്ക് പിൻവലിച്ചു. ബസുടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങളൊന്നും തൽക്കാലം പരിഗണിക്കാൻ നിർവാഹമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തതോടെ ബസുടമകൾ സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പിന്നീട് പരിഗണിക്കാമെന്ന് ഇന്നലെ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചെന്നും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് പണിമുടക്ക് പിൻവലിക്കുകയാണെന്നും ബസുടമകളുടെ സംഘടനാ നേതാക്കൾ പറഞ്ഞു.

ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ ബസുടമകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. മന്ത്രിസഭ തീരുമാനിച്ച ബസ് ചാർജ് വർധനയുമായി മുന്നോട്ടുപോവുകയാണെന്നും ചാർജ് ഇനിയും വർധിപ്പിക്കണമെന്ന നിർദേശം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ ബസുടമകളെ അറിയിച്ചു.

വിദ്യാർഥികളുടെ സൗജന്യ നിരക്ക് രണ്ടു രൂപയായി വർധിപ്പിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി. ഇതോടെ ബസുടമകൾ പണിമുടക്ക് പിൻവലിക്കാൻ നിർബന്ധിതരാവുകയായിരുന്നു. നേരത്തെ, പണിമുടക്കിയ ബസുകളുടെ പെർമിറ്റ്‌ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു സർക്കാർ കടന്നതോടെ ബസുടമകൾ പ്രതിരോധത്തിലായിരുന്നു. കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ചയിൽ, നിലവിലെ തീരുമാനം സർക്കാർ പുനഃപരിശോധിക്കില്ലെന്ന സന്ദേശവും നൽകിയിരുന്നു.

ഇതോടെ സെക്രട്ടറിയേറ്റിനു മുന്നിൽ ബസുടമകൾ നടത്തുമെന്നറിയിച്ചിരുന്ന അനിശ്ചിതകാല നിരാഹാര സമരം വേണ്ടെന്നു വച്ചു. ഇതിനു പിന്നാലെ തിങ്കളാഴ്ച തിരുവനന്തപുരത്തു ചില സ്വകാര്യബസുകൾ സർവീസ്‌ പുനരാരംഭിച്ചു. ബസ്‌ നിരക്കിൽ വർധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാർഥികളുടെ സൗജന്യ നിരക്ക് രണ്ടു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസുടമകളുടെ സമരം.