തിരുവനന്തപുരം ∙ വേനൽക്കാലത്തു വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന പതിവ് അപേക്ഷയുമായി വൈദ്യുതി ബോർഡ് ഇത്തവണ വരില്ല. വേനൽചൂട് ഏറുമ്പോൾ വൈദ്യുതി ഉപയോഗവും വർധിക്കുന്ന ‘സന്തോഷദിനങ്ങൾ’ക്കായി കാത്തിരിക്കുകയാണു വൈദ്യുതി ബോർഡ്. കാരണം മറ്റൊന്നുമല്ല– ഉപയോഗം വർധിക്കുന്നതനുസരിച്ചു ബോർഡിന്റെ ലാഭം കൂടും.
വേനൽക്കാലത്ത് ഉപയോഗം കുറയ്ക്കുന്നതിനുള്ള പരസ്യപ്രചാരണം ബോർഡ് നിർത്തി. പകരം വൈദ്യുതി ദുരുപയോഗം പാടില്ലെന്നുമാത്രം ഉപദേശിക്കും. കാലവർഷം എത്തും വരെ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നു മാത്രമല്ല, ആവശ്യക്കാർ ഇഷ്ടംപോലെ ഉപയോഗിച്ചു കൊള്ളട്ടെയെന്ന നിലപാടിലാണ് അധികൃതർ. ഉപയോഗം കൂടുന്തോറും വൈദ്യുതി ബിൽതുക കാര്യമായി കൂടുമെങ്കിലും വൈദ്യുതി നിയന്ത്രണമില്ലെന്നതാണു ശുഭവാർത്ത.
കേരളത്തിനു കേന്ദ്രവിഹിതമായി ദിവസം 3.5 കോടി യൂണിറ്റ് വരെ ലഭിക്കുന്നുണ്ട്. 2.5–3.5 രൂപയാണു വില. പുറമെ 2.5 കോടി യൂണിറ്റ് പുറത്തുനിന്നു വാങ്ങാൻ കരാർ ഒപ്പുവച്ചിട്ടുണ്ട്. ശരാശരി നാലുരൂപയാണ് ഇതിന്റെ വില. സംസ്ഥാനത്തെ അണക്കെട്ടുകളിൽ 58% വെള്ളമുണ്ട്. കഴിഞ്ഞവർഷത്തെക്കാൾ 90 കോടി യൂണിറ്റ് കൂടുതൽ ഉൽപാദിപ്പിക്കാനുള്ള വെള്ളം. കാലവർഷം എത്താൻ 90 ദിവസം ശേഷിക്കെ, ഓരോ ദിവസവും ഒരുകോടി യൂണിറ്റ് വൈദ്യുതി അധികം ഉൽപാദിപ്പിക്കാനുള്ള വെള്ളം ഡാമുകളിലുണ്ട്. ഈ ജലവൈദ്യുതിക്കു യൂണിറ്റിനു ശരാശരി ഒരുരൂപയേ വിലവരൂ.
സംസ്ഥാനത്തു വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ശരാശരി വില 5.5 രൂപയാണ്. ഉപയോഗം വർധിക്കുമ്പോൾ സ്ലാബ് അനുസരിച്ചു നിരക്കും കൂടും. ബോർഡിന്റെ വരുമാനവും ലാഭവുമാണ് ഇങ്ങനെ വർധിക്കുന്നത്. വൈദ്യുതി ഉപയോഗം ദിവസം ഏഴു കോടി യൂണിറ്റിനു മുകളിൽ നിൽക്കണമെന്നാണു ബോർഡിന്റെ ആഗ്രഹം. വേനൽ കനക്കുന്നതോടെ ഇത് 8.2 കോടി യൂണിറ്റിൽ എത്തുമെന്നാണു കണക്കുകൂട്ടൽ.
നേരത്തേ, ഉപയോഗം വർധിക്കുമ്പോൾ യൂണിറ്റിന് എട്ടു രൂപ വിലയുള്ള കായംകുളം വൈദ്യുതിയും മറ്റുമാണു സംസ്ഥാനം വിതരണം ചെയ്തിരുന്നത്. ബോർഡിനു തിരികെ ലഭിച്ചിരുന്നതാവട്ടെ, ശരാശരി 5.5 രൂപ മാത്രം. ഇപ്പോൾ കുറഞ്ഞവിലയ്ക്കു പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിന് 25 വർഷത്തേക്കു കരാർ ഒപ്പുവച്ചിരിക്കുകയാണ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ കനത്ത മഴ ലഭിച്ച് അണക്കെട്ടുകളിലും വെള്ളമായതോടെ പതിവില്ലാത്ത ശുഭപ്രതീക്ഷയിലാണു ബോർഡ്.
ഇരുട്ടിലാക്കുമോ കൽക്കരി?
കുറഞ്ഞവിലയ്ക്കു വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയ്ക്കിടെയും ചില്ലറ പ്രതിസന്ധികളുണ്ട്. കൽക്കരി ക്ഷാമം മൂലം കഴിഞ്ഞ രണ്ടു ദിവസമായി കരാർ അനുസരിച്ചുള്ള നിശ്ചിത അളവു വൈദ്യുതി നൽകാൻ സ്വകാര്യ ഉൽപാദകർക്കു കഴിയുന്നില്ല. ജലവൈദ്യുതിയുടെ ഉൽപാദനം വർധിപ്പിച്ചാണ് ഇതു നികത്തുന്നത്.
കരാർ ലംഘിച്ചാൽ പിഴ ലഭിക്കുമെങ്കിലും അതു വൈദ്യുതിക്കു പകരമാവില്ല. കേന്ദ്ര വൈദ്യുതി നിലയങ്ങൾ തകരാറിലായാലും ലൈനുകളിൽ തകരാർ സംഭവിച്ചാലും വൈദ്യുതി വിതരണത്തെ ബാധിക്കാം.