പൊന്നാനി∙ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കു പിന്നാലെ നിർദിഷ്ട പൊന്നാനി വികസന പദ്ധതിയിൽനിന്നും ഡിഎംആർസി പിന്മാറി. പിന്മാറ്റം പൊന്നാനി നഗരസഭാധ്യക്ഷനെ അറിയിച്ചതായി ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പറഞ്ഞു.
തീരദേശനഗരമായ പൊന്നാനിയിലെ അടിസ്ഥാനവികസന പദ്ധതികൾക്കായി വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കി നൽകിയിട്ടും സർക്കാർ പരിഗണിച്ചില്ല. സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കാതെ പൊന്നാനിയിലെ ഒരു പദ്ധതിയും മുന്നോട്ട് കൊണ്ടുപോകാനാകില്ല. കേരളത്തിൽ ഇനി ഒരു പദ്ധതിയും ഡിഎംആർസി ഏറ്റെടുക്കില്ലെന്നും കൊച്ചി മെട്രോയുടെ ശേഷിക്കുന്ന നിർമാണം പൂർത്തീകരിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊന്നാനിയുടെ വികസന പ്രശ്നങ്ങൾക്കു പരിഹാരമായാണ് ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ പദ്ധതികൾ തയാറാക്കിയത്. മാലിന്യ സംസ്കരണ പ്ലാന്റ്, ആധുനിക അറവുശാല, സമഗ്ര അഴുക്കുചാൽ സംവിധാനം, മത്സ്യത്തൊഴിലാളി പുനരധിവാസം, തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തൽ, സമഗ്ര ശുദ്ധജല പദ്ധതി, താലൂക്ക് ആശുപത്രി നവീകരണം, ആധുനിക ശ്മശാനം തുടങ്ങിവ ഉൾപ്പെടുന്ന വികസന പദ്ധതിയാണ് ഡിഎംആർസി തയാറാക്കിയത്.
കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതികൾക്കായി ഡിഎംആർസി നിയമിച്ച ഉദ്യോഗസ്ഥരെയല്ലാം പിൻവലിച്ചതായും ഓഫിസ് പൂട്ടുന്നതിനുള്ള നടപടിക്രമങ്ങളിലാണെന്നും ശ്രീധരൻ പറഞ്ഞു.