മൂവാറ്റുപുഴ∙ മന്ത്രിയും എംഎൽഎയുമായിരുന്ന കാലയളവിൽ കോൺഗ്രസ് നേതാവ് കെ. ബാബു വരവിനേക്കാൾ 49.45 ശതമാനം അധികം സ്വത്തു സമ്പാദിച്ചുവെന്നാരോപിക്കുന്ന കുറ്റപത്രം അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റാണു കുറ്റപത്രം സമർപ്പിച്ചത്.
കെ. ബാബുവിന്റെ ബെനാമികളെന്ന നിലയിൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വിജിലൻസ് ചൂണ്ടിക്കാട്ടിയിരുന്ന റോയൽ ബേക്കറി ഉടമ മോഹനൻ, ബാബു റാം എന്നിവർക്കെതിരെ തെളിവുകൾ ശേഖരിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ഇവരെക്കുറിച്ചു കുറ്റപത്രത്തിൽ പരാമർശമില്ല.
ഇക്കാര്യം ഹൈക്കോടതിയിലും വിജിലൻസ് വ്യക്തമാക്കിയിരുന്നു. 2001 ജൂലായ് ഒന്നു മുതൽ 2016 മേയ് മൂന്നു വരെയുള്ള കാലയളവിലെ കെ. ബാബുവിന്റെ സ്വത്തു വിവരങ്ങളാണു വിജിലൻസ് അന്വേഷിച്ചത്. 2007 ജൂലായ് ഒന്നിനു ബാബുവിന്റെ പേരിൽ 1.43 ലക്ഷം രൂപയും 63 പവനും 16 സെന്റ് ഭൂമിയും കെട്ടിടവുമാണ് ഉണ്ടായിരുന്നത്. 2016 മേയ് മൂന്നായപ്പോൾ 29.68 ലക്ഷം രൂപയും 25 പവനും 16 സെന്റു ഭൂമിയുമായി മാറിയെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ.
ഇക്കാലയളവിൽ 52.27 ലക്ഷം രൂപയാണു ബാബുവിന്റെ അംഗീകൃത വരുമാനം. ഇതിൽ 49.78 ലക്ഷം രൂപയും ചെലവഴിച്ചു. പരിശോധനാ കാലയളവിൽ 28.82 ലക്ഷം രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്നാണു വിജിലൻസിന്റെ ആരോപണം.
കുറ്റപത്രം സമർപ്പിക്കും മുൻപു മൊഴി വീണ്ടും എടുക്കണമെന്നാവശ്യപ്പെട്ടു ബാബു ഡിജിപിക്കു പരാതി നൽകിയിരുന്നു. തുടർന്ന് ബാബുവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി തിരുത്തലോടെയാണു കുറ്റപത്രം സമർപ്പിച്ചത്.
വിജിലൻസ് കണക്കാക്കിയ വരുമാനത്തിൽ ജനപ്രതിനിധിയായിരിക്കെ ബാബുവിനു ലഭിച്ച യാത്രാബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഇവകൂടി വരുമാനത്തിൽ ഉൾപ്പെടുത്താൻ ബാബു ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
തേനിയിലെ ഭൂമിയിടപാട് കുറ്റപത്രത്തിലില്ല
ഭൂമിയിടപാടുകളിലൂടെയും ബെനാമികളുടെ പേരിൽ നടത്തിയ വ്യവസായങ്ങളിലൂടെയും മുൻമന്ത്രി കെ. ബാബു വൻതുക അനധികൃതമായി നേടിയെന്നായിരുന്നു വിജിലൻസിന്റെ ആദ്യ ആരോപണം. ഇതേതുടർന്നു ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ബാബുവിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. 2016 സെപ്റ്റംബർ മൂന്നിനു കെ. ബാബുവിന്റെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും ബെനാമികളെന്നാരോപിക്കപ്പെട്ടവരുടെ വീടുകളിലും പരിശോധന നടന്നു.
തേനിയിൽ അനധികൃതമായി ഭൂമി സമ്പാദിച്ചുവെന്നു വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇന്നലെ സമർപ്പിച്ച കുറ്റപത്രത്തിലില്ല.