Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ. ബാബുവിനെതിരായ കുറ്റപത്രം സ്വീകരിച്ചു

k-babu

മൂവാറ്റുപുഴ ∙ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസിൽ മുൻ മന്ത്രി കെ. ബാബുവിനെതിരെ വിജിലൻസ് സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. വിചാരണ നടപടികൾക്കായി ജൂലൈ രണ്ടിനു നേരിട്ടു ഹാജരാകാനുള്ള നോട്ടിസ് കോടതി അയച്ചു. കഴിഞ്ഞ മാർച്ച് 25നു വിജിലൻസ് സമർപ്പിച്ച കുറ്റപത്രം സാങ്കേതികപ്പിഴവുകൾ കാരണമാണു സ്വീകരിക്കാൻ വൈകിയത്.

വരുമാനത്തെക്കാൾ 49.45 ശതമാനം അധികം സ്വത്തു സമ്പാദിച്ചെന്നാണു കുറ്റപത്രത്തിൽ ആരോപിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കെ. ബാബുവിന്റെ ബെനാമികളായി വിജിലൻസ് ആരോപിച്ച റോയൽ ബേക്കറി ഉടമ മോഹനൻ, ബാബു റാം എന്നിവരെ കുറ്റപത്രത്തിൽ ഒഴിവാക്കി. ഇവർക്കെതിരെ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല. 2001 ജൂലൈ ഒന്നു മുതൽ 2016 മേയ് മൂന്നു വരെയുള്ള കാലയളവിലെ കെ. ബാബുവിന്റെ സ്വത്തു വിവരങ്ങളാണു വിജിലൻസ് അന്വേഷിച്ചത്.

2007 ജൂലൈ ഒന്നിനു ബാബുവിന്റെ പേരിൽ 1.43 ലക്ഷം രൂപയും 63 പവനും 16 സെന്റ് ഭൂമിയും കെട്ടിടവുമാണ് ഉണ്ടായിരുന്നത്. 2016 മേയ് മൂന്നായപ്പോൾ 29.68 ലക്ഷം രൂപയും 25 പവനും 16 സെന്റ് ഭൂമിയുമായി മാറിയെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുണ്ട്. വിജിലൻസ് കണക്കാക്കിയ വരുമാനത്തിൽ ജനപ്രതിനിധിയായിരിക്കെ ബാബുവിനു ലഭിച്ച യാത്രാബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഇവകൂടി ഉൾപ്പെടുത്തിയാൽ അനധികൃത സ്വത്തു സമ്പാദിച്ചെന്ന വിജിലൻസ് വാദം നിലനിൽക്കില്ലെന്നാണു നിയമവിദഗ്ധരുടെ വിലയിരുത്തൽ.

related stories