ആരാധനാലയങ്ങളിൽ സർക്കാർ കൈവയ്ക്കില്ല: മന്ത്രി സുധാകരൻ

തിരുവനന്തപുരം∙ സ്വർഗം പണിയാനാണെങ്കിലും ആരാധനാലയങ്ങളിൽ കൈവയ്ക്കേണ്ടെന്നാണു സർക്കാർ നിലപാടെന്നു നിയമസഭയിൽ മന്ത്രി ജി.സുധാകരൻ. കബർ സ്ഥാനുകളിലും പ്രതിഷ്ഠകളിലും കൈവയ്ക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അൾത്താരകളും ഇളക്കില്ല. മറിച്ചെങ്കിൽ, മതാധികാരികൾ തന്നെ സ്ഥാപനങ്ങൾ മാറ്റുന്നതിനു സന്നദ്ധമാകണം– മന്ത്രി പറഞ്ഞു. മലപ്പുറത്തു ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ചു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമോയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മന്ത്രി. മലപ്പുറത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി സർവകക്ഷിയോഗം വിളിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് പ്രതിപക്ഷം അംഗീകരിച്ചു.

ദേശീയപാതാ വികസനത്തിന്റെ പേരിൽ സ്ഥലവും വീടും മറ്റും നഷ്ടപ്പെടുന്നവർക്ക് എന്തു പ്രതിഫലം കിട്ടുമെന്ന കാര്യം അവരെ നേരിൽ ബോധ്യപ്പെടുത്തണമെന്നു നോട്ടിസ് അവതരിപ്പിച്ച കെ.എൻ.എ.ഖാദർ പറഞ്ഞു. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാര പാക്കേജിനു പുറമെ ഇരകളെ പുനരധിവസിപ്പിക്കാൻ വേണ്ടതു ചെയ്യണം. നിലവിലുള്ള റോഡിന്റെ ഇരുവശത്തുമുള്ള സ്ഥലവും സർക്കാർ ഭൂമിയും മറ്റും ഏറ്റെടുത്തതിനു ശേഷമേ സ്വകാര്യഭൂമി ഏറ്റെടുക്കാവൂ. ജനവികാരം മാനിച്ചേ അലൈൻമന്റ് പൂർത്തിയാക്കാവൂവെന്നു ഖാദർ പറഞ്ഞു. 

വളാഞ്ചേരി, കുറ്റിപ്പുറം ഭാഗത്ത് എട്ടു കിലോമീറ്ററിലാണു പ്രശ്‌നമെന്നു മന്ത്രി പറഞ്ഞു. ഇവിടെ ആരാധാനാലയങ്ങൾ ഉൾപ്പെടുന്ന അലൈൻമെന്റ് ഒഴിവാക്കിയാൽ പകരമുള്ള അലൈൻമെന്റിൽ 32 വീടുകൾ ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളുമായി ചർച്ച നടത്തും. 

അലൈൻമെന്റിൽ ഭേദഗതിക്കു പൊതുതീരുമാനമുണ്ടായാൽ അക്കാര്യം ദേശീയപാതാ അതോറിറ്റിയെ അറിയിക്കും. എല്ലാ പാർട്ടികളും അഭിപ്രായം പറയട്ടെ. 

സർവകക്ഷിയോഗം വിളിക്കാൻ തയാറായതിനാൽ വോക്കൗട്ട് ഒഴിവാക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

‘മുഖ്യമന്ത്രി വയൽക്കിളികളെ  ഓടിക്കില്ല’

വയൽക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്കു പോകുന്നതെന്നു നിയമസഭയിൽ മന്ത്രി ജി.സുധാകരൻ. പാർട്ടി യോഗത്തിൽ പങ്കെടുക്കാനാണ്. കൂട്ടത്തിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി കേന്ദ്രമന്ത്രിമാരെ കാണുമെന്നും മന്ത്രി പറഞ്ഞു.