തിരുവനന്തപുരം∙ കോഴിക്കോടു നിന്നു വയനാട്ടിലേക്കുള്ള താമരശേരി ചുരം റോഡിന്റെ വികസനത്തിന് 2.2 ഏക്കർ വനഭൂമി വിട്ടു നൽകിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു.
താമരശേരി ചുരം റോഡിലെ ഒൻപതു ഹെയർപിൻ വളവുകൾ അപകടരഹിതമാക്കാനാണു സ്ഥലം കൈമാറുന്നത്. ഹെയർ പിന്നുകളിൽ രണ്ട്, മൂന്ന്, ഏഴ്, എട്ട്, ഒൻപത് വളവുകളാണു കൂടുതൽ അപകടകരം. അവയുടെ വികസനത്തിനാണു കൂടുതൽ ഭൂമി അനുവദിച്ചത്.
ദേശീയപാതയുടെ ഭാഗമായ ചുരത്തിന്റെ വികസനത്തിനു ഭൂമി തേടി സംസ്ഥാന സർക്കാർ വനം വകുപ്പിനെ സമീപിച്ചിരുന്നു. എന്നാൽ, രണ്ട് ഏക്കറിൽ കൂടുതൽ ഭൂമി വേണ്ട സാഹചര്യത്തിൽ കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു സംസ്ഥാന വനം വകുപ്പിന്റെ അഭിപ്രായം. തുടർന്നു ഭൂമിയുടെ തുകയടക്കം വനം വകുപ്പിൽ കെട്ടി വച്ചു ഭൂമി വിട്ടു നൽകാൻ അനുമതി തേടി. 2.2 ഏക്കർ വനഭൂമി അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നലെ ചീഫ് സെക്രട്ടറിക്കു ലഭിച്ചതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ചുരം റോഡിലെ കൊടുംവളവുകളിൽ വലിയ വാഹനങ്ങൾ തിരിയാൻ ഏറെ സമയം എടുത്തിരുന്നു. ആയാസപ്പെട്ടു വലിയ വാഹനങ്ങൾ തിരിക്കുന്നതിനെ തുടർന്നു റോഡ് തകരുന്നതും പതിവാണ്. ഇതു മൂലം ഗതാഗതക്കുരുക്കും രൂക്ഷമായി. മഴക്കാലത്തു ചുരം കടക്കാൻ മണിക്കൂറുകളാണു വേണ്ടിവരുന്നത്.
വനഭൂമി ലഭ്യമാകുന്ന വളവുകളിലെ റോഡ് ടാർ ചെയ്യുന്നതിനു പകരം ഇന്റർലോക്കിങ് സംവിധാനം ഏർപ്പെടുത്താനാണു നിർദേശം. ഇതു നടപ്പാക്കുന്നതോടെ വലിയ വാഹനം കടന്നു പോകുമ്പോൾ റോഡ് തകരില്ല. ചുരം റോഡിന്റെ ഇപ്പോഴത്തെ വീതി ഏഴു മുതൽ 12 മീറ്റർ വരെയാണ്.