പമ്പുകൾക്ക് ഇന്ധനം നൽകില്ലെന്ന എണ്ണക്കമ്പനികളുടെ ഉത്തരവ് മരവിപ്പിച്ചു

കൊച്ചി∙ ആദായ നികുതി, വിൽപന നികുതി റിട്ടേണുകളും ബാങ്ക് വിവരങ്ങളും സമർപ്പിക്കാത്ത പെട്രോൾ പമ്പുകൾക്ക് ഇന്ധനം നൽകില്ലെന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉത്തരവ് 21 പമ്പുകൾക്കെതിരെ നടപ്പാക്കുന്നതു രണ്ടു മാസത്തേക്കു ഹൈക്കോടതി മരവിപ്പിച്ചു.

ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികൾക്കാണു നിർദേശം. രേഖകൾ സമർപ്പിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ഇന്ധനം വിതരണം ചെയ്യില്ലെന്ന് എണ്ണക്കമ്പനികൾ ഉത്തരവിറക്കിയതിനെതിരെ നാനോ ഓട്ടോ ഫ്യുവൽസ് ഉൾപ്പെടെ 21 സ്ഥാപനങ്ങളാണു ഹർജി നൽകിയത്.

തങ്ങളുടെ കമ്പനിയെ സംബന്ധിക്കുന്ന സ്വകാര്യ വിവരങ്ങൾ എണ്ണക്കമ്പനികൾക്കു ലഭിച്ചിട്ടു കാര്യമില്ലെന്നും ഇന്ധനവിതരണം സംബന്ധിച്ച കരാറിൽ ഇതേക്കുറിച്ചു പറയുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

എണ്ണക്കമ്പനികളുടെ നിലപാട് ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതയുടെയും ബിസിനസ് ചെയ്യാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്നും ഹർജിക്കാർ ആരോപിച്ചു.