കൊച്ചി ∙ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 2017-18 അധ്യയന വർഷത്തെ ഫീസ് അഞ്ചു ലക്ഷം രൂപയായി നിശ്ചയിച്ച പ്രവേശന-ഫീസ് നിയന്ത്രണ സമിതിയുടെ 2017 നവംബർ 23ലെ ഉത്തരവു ചോദ്യം ചെയ്യുന്ന ഹർജികൾ ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. പാലക്കാട് കരുണ മെഡിക്കൽ കോളജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, കണ്ണൂർ മെഡിക്കൽ കോളജ്, ഗോകുലം മെഡിക്കൽ കോളജ് തുടങ്ങി 20 സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കോളജുകളുടെ ശുപാർശ നിരസിച്ചുകൊണ്ടുള്ള ഫീസ് നിർണയം നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നു. മെഡിക്കൽ മാനേജ്മെന്റുകൾ നിശ്ചയിക്കുന്ന ഫീസിൽ ചൂഷണവും അമിത ലാഭമെടുക്കലും ഉണ്ടോ എന്നു പരിശോധിക്കാനല്ലാതെ ഫീസ് നിർണയിക്കാൻ സമിതിക്ക് അധികാരമില്ലെന്നാണു വാദം. വിദ്യാർഥികളിൽ നിന്ന് 11 ലക്ഷം രൂപ ഫീസ് ഈടാക്കാൻ അനുവദിക്കണമെന്നു ചില കോളജുകൾ ആവശ്യപ്പെടുന്നു. മെഡിക്കൽ ഫീസുമായി ബന്ധപ്പെട്ട കേസുകളിൽ കക്ഷിചേരാൻ രക്ഷിതാക്കളും എത്തിയിട്ടുണ്ട്.