വരാപ്പുഴ∙ ശ്രീജിത്തിന്റെ ഭാര്യാപിതാവിനെതിരെയും പൊലീസിന്റെ കയ്യേറ്റ ശ്രമമെന്ന് ആരോപണം. മരണ വിവരമറിഞ്ഞു തളർന്നുവീണ അഖിലയ്ക്കൊപ്പം ആശുപത്രിയിൽനിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്കു വരുമ്പോഴാണു പിതാവ് പ്രദീപിനെ പൊലീസുകാർ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.
ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചതു ചൊവ്വാഴ്ച സന്ധ്യയോടെയാണ്. അച്ഛൻ പ്രദീപിനൊപ്പമാണ് ആശുപത്രിയിൽനിന്ന് ഓട്ടോയിൽ അഖില വന്നത്. ചേരാനല്ലൂർ സിഗ്നൽ കവലയിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ കെട്ടിയിരുന്ന റിബൺ അഴിച്ചുമാറ്റിയതാണു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ പ്രകോപിപ്പിച്ചത്. പെട്ടെന്ന് എത്താനായി റിബൺ മാറ്റി റോഡിലേക്ക് ഓട്ടോ കടത്തുകയായിരുന്നു. തുടർന്നു റിബൺ തിരികെ കെട്ടി. ഇതിനിടെയാണു പൊലീസ് എത്തി ഓട്ടോ തടഞ്ഞ് അസഭ്യവർഷം തുടങ്ങിയത്. ശ്രീജിത്തിന്റെ ഭാര്യയും കുട്ടിയുമാണു ഓട്ടോയിലെന്നും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ളതിനാലാണു റിബൺ മാറ്റിയതെന്നും പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ലെന്നു പ്രദീപ് പറയുന്നു.