Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഫ്ബി ജീവനക്കാരുടെ ശമ്പളം കൂട്ടാനുള്ള നിർദേശം തള്ളി; ധനവകുപ്പിൽ മുറുമുറുപ്പ്

തിരുവനന്തപുരം∙ കിഫ്ബിയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ‌ നിയമിതരായ സെക്രട്ടേറിയറ്റ് ജീവനക്കാർക്കു ശമ്പളം കൂട്ടാനുള്ള ശുപാർശ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തള്ളി.

കരാർ വ്യവസ്ഥയിൽ കിഫ്ബിയിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്കു സമാനമായ ശമ്പളം ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവർക്കും നൽകാനുള്ള ശുപാർശയാണ്, ധന സെക്രട്ടറി അടക്കമുള്ളവർ കർശന നിലപാടെടുത്തതോടെ തള്ളിപ്പോയത്. ഇതോടെ കിഫ്ബി ജീവനക്കാർക്കു രണ്ടു തരത്തിൽ ശമ്പളം നൽകുന്നതിന്റെ പേരിൽ ധനവകുപ്പിൽ മുറുമുറുപ്പു രൂക്ഷമായി.

ധനവകുപ്പിൽ അടുത്തിടെ ആശ്രിത നിയമനം ലഭിച്ച ചെറുപ്പക്കാരെയാണ് മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്തു കിഫ്ബിയിലേക്കു കൊണ്ടുപോയത്. വിവര സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ളവരെ പ്രത്യേകം തിരഞ്ഞെടുത്തായിരുന്നു ഇൗ നിയമനം. ധനവകുപ്പിൽ ആശ്രിത നിയമനം ലഭിച്ച ഇവരടക്കം മുന്നൂറോളം പേരുടെ തസ്തിക ഒഴിവില്ലെന്ന കാരണത്താൽ ഇതുവരെ പൊതുഭരണ വകുപ്പു ക്രമപ്പെടുത്തി നൽകിയിട്ടില്ല.

ആദ്യ മാസം ലഭിച്ച 35,000 രൂപ തന്നെയാണു നിയമനം ക്രമപ്പെടുത്തുന്നതു വരെ ഇവർക്കു പ്രതിമാസം ലഭിക്കുക. കാഷ്വൽ അവധി ഒഴികെയുള്ള അവധികളും ഇവർക്കില്ല. അതേസമയം, കിഫ്ബിയിലേക്കു നേരിട്ടു കരാറടിസ്ഥാനത്തിൽ ജോലിക്കെടുത്തവർക്ക് ഇവരെക്കാൾ 5000 രൂപ വരെ അധികം ശമ്പളം നൽകുന്നുണ്ട്.

ഒരേ ജോലി ചെയ്യുന്നവർക്കു രണ്ടുതരം ശമ്പളം നൽകുന്നതിലെ അപാകത ഡപ്യൂട്ടേഷനിലെത്തിയ ജീവനക്കാർ ചൂണ്ടിക്കാട്ടിയതോടെയാണു ശമ്പളം വർധിപ്പിക്കാനുള്ള നിർദേശം കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അജൻഡയായി എത്തിയത്.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഇത്തരം ശമ്പള വർധന അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിൽ ധനസെക്രട്ടറി അടക്കമുള്ള ചിലർ ഉറച്ചുനിന്നു. മന്ത്രി തോമസ് ഐസക്കിനും ഇതിനെതിരായ നിലപാടെടുക്കാൻ കഴിയാതെ വന്നതോടെ ശമ്പള വർധനയെന്ന നിർദേശം തള്ളപ്പെട്ടു.