തിരുവനന്തപുരം∙ മുൻ വിജിലൻസ് മേധാവിയായി ഡിജിപി എൻ.ശങ്കർ റെഡ്ഡിയെ നിയമിച്ചതിലും ബാർ കോഴ കേസ് അട്ടിമറിച്ചെന്ന ആരോപണത്തിലും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജികൾ കോടതി തള്ളി. പരാതികളിലെ ആരോപണങ്ങൾക്കു തെളിവില്ലെന്നും അതു സ്ഥാപിക്കാൻ തക്ക തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരനു സാധിച്ചില്ലന്നും വിജിലൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ ഈ രണ്ടു ഹർജികളിലും ശങ്കർ റെഡ്ഡിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ പ്രാഥമിക പരിശോധനാ റിപ്പോർട്ട് കോടതി അംഗീകരിച്ചു.
കണ്ണൂർ വിമാനത്താവള അഴിമതി ആരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയതിനു പ്രതിഫലമായിട്ടാണു ശങ്കർ റെഡ്ഡിയെ വിജിലൻസ് മേധാവിയായി ക്രമവിരുദ്ധമായി നിയമിച്ചതെന്നായിരുന്നു ഒരു ഹർജിയിലെ ആരോപണം. മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴ കേസ് അട്ടിമറിക്കാൻ ശങ്കർ റെഡ്‌ഡി ഇടപെട്ടു, ഇതേ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ആർ.സുകേശനുമേൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്‌ഡി സമ്മർദ്ദം ചെലുത്തി എന്നിവയായിരുന്നു പായിച്ചറ നവാസ് നൽകിയ രണ്ടാമത്തെ ഹർജിയിലെ ആരോപണം. ശങ്കർ റെഡ്ഡിക്കു പുറമെ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, മുൻ വിജിലൻസ് എസ്.പി. ആർ.സുകേശൻ എന്നിവരെ എതിർകക്ഷികൾ ആക്കിയിരുന്നു.