തിരുവനന്തപുരം∙ സംസ്ഥാന പൊലീസിൽ ഒന്നിലേറെ ചുമതല വഹിക്കുന്ന എസ്പി: ആർ.നിശാന്തിനിക്കു സേനയ്ക്കു പുറത്തും പുതിയ ചുമതലകൾ. വനിതാ ശിശുക്ഷേമ വകുപ്പിലെ മൂന്നു പ്രധാന തസ്തികകളുടെ അധികച്ചുമതലയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
തങ്ങൾക്കു സ്ഥാനക്കയറ്റത്തിലൂടെ കിട്ടേണ്ട തസ്തികകളാണ് ഇതുവഴി ഇല്ലാതായതെന്ന പരാതിയുമായി വകുപ്പിലെ ചില ഉദ്യോഗസ്ഥർ മന്ത്രി കെ.കെ.ശൈലജയെ സമീപിച്ചു. എന്നാൽ, യുഎന്നിൽ ഡപ്യൂട്ടേഷനിൽ പോകാൻ ആവശ്യമായ ജോലി പരിചയത്തിനു വേണ്ടിയാണു നിശാന്തിനിക്കു വനിതാ ശിശുക്ഷേമ വകുപ്പിലെ ചുമതലകൾ നൽകിയതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
നിർഭയ നോഡൽ ഓഫിസർ, ജെന്റർ പാർക്ക് സിഇഒ, ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്‌ഷൻ സൊസൈറ്റി സ്പെഷൽ ഓഫിസർ എന്നീ ചുമതലകളാണു നൽകിയത്. നിലവിൽ ക്രൈംബ്രാഞ്ച് എസ്പിയായ നിശാന്തിനിക്കു വനിതാ ബറ്റാലിയൻ കമൻഡാന്റിന്റെ അധിക ചുമതലയുമുണ്ട്.