മാഹി∙ പള്ളൂരിൽ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു(48)വിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പാനൂർ ചെണ്ടയാട് കമലദളത്തിൽ ശ്യാംജിത്ത്(23) ആണ് അറസ്റ്റിലായത്. അതേസമയം, ബാബുവിനെ വധിച്ചതിനു പ്രതികാരമെന്ന വിധം ന്യൂ മാഹിയിൽ ബിജെപി ബൂത്ത് പ്രസിഡന്റ് ഷമേജ് കൊല്ലപ്പെട്ട കേസിൽ ഒരാളെ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. വിശദമായ ചോദ്യംചെയ്യലിനു ശേഷമേ അറസ്റ്റുണ്ടാകൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ബാബു വധക്കേസിൽ അറസ്റ്റിലായ നാലാമത്തെയാളാണ് ശ്യാംജിത്ത്. ബിജെപി പ്രവർത്തകരായ പി.കെ.നിജേഷ്, പി.കെ.ശരത്, ജെറിൻ സുരേഷ് എന്നിവരെയാണു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നത്. ആസൂത്രകരായ ഒ.പി.രജീഷ്, കരീക്കുന്നുമ്മൽ സുനി എന്നിവരെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളതെന്നാണു കഴിഞ്ഞ ദിവസം പുതുച്ചേരി പൊലീസ് സീനിയർ സൂപ്രണ്ട് അപൂർവ ഗുപ്ത അറിയിച്ചത്.
ശ്യാംജിത്തിനെ അറസ്റ്റ് ചെയ്തതിന്റെ കാരണം പുതുച്ചേരി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തിയെങ്കിലും ഇന്നലെ കോടതിയിൽ ഹാജരാക്കിയില്ല. കഴിഞ്ഞ ഏഴിനു രാത്രിയാണു കണ്ണിപ്പൊയിൽ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. അരമണിക്കൂറിനുള്ളിൽ ഷമേജിനെ ന്യൂമാഹിയിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.