ജേക്കബ് തോമസിന്റെ 36 സർക്കുലറുകളിൽ 31 എണ്ണവും വെട്ടി അസ്താനയുടെ പടിയിറക്കം

എൻ.സി.അസ്താന

തിരുവനന്തപുരം ∙ പടിയിറങ്ങും മുൻപു വിജിലൻസ് ഡയറക്ടർ എൻ.സി.അസ്താന മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസിന്റെ സർക്കുലറുകൾ വെട്ടിനിരത്തി. ഉന്നത നിയമനങ്ങൾക്കു വിജിലൻസ് അനുമതി വേണമെന്നതടക്കം ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ പുറപ്പെടുവിച്ച 36 സർക്കുലറുകളിൽ 31 എണ്ണവും റദ്ദാക്കി. സർക്കാർ നിർദേശപ്രകാരമാണിതെന്നാണു സൂചന. 

അഴിമതി തുടച്ചുനീക്കുന്നതിനും ഓഫിസ് നടപടിക്രമം വേഗത്തിലാക്കുന്നതിനും എന്ന നിലയിലാണു ജേക്കബ് തോമസ് ഇവയിൽ ഭൂരിപക്ഷവും ഇറക്കിയത്. എന്നാൽ അതു പ്രകാരം പ്രവർത്തിച്ചാൽ അഴിമതി പരാതികളെല്ലാം കേസ് ആയി മാറുമെന്നു തിരിച്ചറിഞ്ഞതു ജേക്കബ് തോമസിനു ശേഷം ഡയറക്ടറുടെ അധിക ചുമതല വഹിച്ച ഡിജിപി ലോക്നാഥ് ബെഹ്റയാണ്. യൂണിറ്റ്, റേഞ്ച് തലങ്ങളിൽ ലഭിക്കുന്ന പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ അന്വേഷിച്ചു സ്വതന്ത്രമായി  നടപടിയെടുക്കാമെന്ന ജേക്കബ് തോമസിന്റെ അധികാര വികേന്ദ്രീകരണ സർക്കുലർ ബെഹ്റയുടെ ശുപാർശപ്രകാരം സർക്കാർ റദ്ദാക്കിയിരുന്നു. എല്ലാ പരാതിയും വിജിലൻസ് ആസ്ഥാനത്തേക്കു കൈമാറണമെന്നും കേസെടുക്കാൻ ഡയറക്ടറുടെ അനുമതി വേണമെന്നുമായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. 

ജേക്കബ് തോമസിന്റെ സർക്കുലറുകളുടെ നിയമസാധുത പരിശോധിക്കാൻ എസ്പിയും രണ്ടു ഡിവൈഎസ്പിമാരും ഉൾപ്പെടുന്ന സമിതിയെ ചുമതല ഒഴിയും മുൻപ് ബെഹ്റ നിയോഗിച്ചിരുന്നു. ആ സമിതിയുടെ ശുപാർശ പ്രകാരമാണ് അസ്താനയുടെ നടപടി. റദ്ദാക്കിയ മുഖ്യ സർക്കുലറുകൾ:

∙പരാതികളിലെ തീ‍ർപ്പാക്കൽ, അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്കുള്ള നിർദേശം, വിവിധ വകുപ്പുകളിലെ സോഷ്യൽ ഓഡിറ്റിങ്, അഴിമതിക്കെതിരായ പ്രചാരണം,  വിസിൽ ബ്ലോവേഴ്സ് അവാർഡ് എന്നിവയെല്ലാം റദ്ദാക്കി. ഈ സർക്കുലറുകൾ വിജിലൻസ് മാന്വലിനു വിരുദ്ധവും അപ്രായോഗികവുമാണെന്നാണു സമിതിയുടെ കണ്ടെത്തൽ.

∙സെക്രട്ടേറിയറ്റിലും ഗവ. ഓഫിസുകളിലും അർധസർക്കാർ സ്​ഥാപനങ്ങളിലും ആഭ്യന്തര വിജിലൻസ്​ സംവിധാനം ശക്തമാക്കി ജോലി ചെയ്യാത്തവരെ കണ്ടെത്തണമെന്ന നിർദേശം.

∙നാലു മാസം കൂടുമ്പോഴോ വർഷത്തിൽ രണ്ടു പ്രാവശ്യമോ എല്ലാ ഓഫിസുകളിലും ആഭ്യന്തര ഓഡിറ്റ് നടത്തി എത്ര ഫയൽ കെട്ടിക്കിടക്കുന്നു, എത്ര തീർപ്പാക്കി എന്നു കണ്ടെത്തണം.

സുപ്രീം കോടതി, ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലുള്ള അഞ്ചു സർക്കുലറുകൾ മാത്രമാണു നിലനിർത്തിയിട്ടുള്ളത്. 

കേസുകളുടെ ഭാവി ആശങ്കയിൽ

ജേക്കബ് തോമസിന്റെ സർക്കുലറുകളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ ഭാവി എന്താകുമെന്ന ആശങ്കയിൽ അന്വേഷണ ഉദ്യോഗസ്ഥർ. ചില കേസുകളിലെ തുടരന്വേഷണ നടപടികൾ ഇതിൽ ചില സർക്കുലറുകൾ അടിസ്ഥാനമാക്കി ആയിരുന്നു. എന്നാൽ കേസിനൊന്നും ഒന്നും സംഭവിക്കില്ലെന്നും സർക്കുലർ മാത്രം അടിസ്ഥാനമാക്കിയല്ല കേസ് റജിസ്റ്റർ ചെയ്യുന്നത് എന്നുമായിരുന്നു വിജിലൻസ് ഉന്നതന്റെ പ്രതികരണം.