കൊല്ലം ∙ സിപിഎം ജില്ലാ സെക്രട്ടറിയായി എസ്.സുദേവനെ (കൊല്ലായിൽ സുദേവൻ) തിരഞ്ഞെടുത്തു. നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടേറിയറ്റംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, കാപ്പെക്സ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് ഈ അറുപത്തിമൂന്നുകാരൻ.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനം ഏകകണ്ഠമായിരുന്നു. കെ.എൻ. ബാലഗോപാൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ ഒഴിവിലാണു തിരഞ്ഞെടുപ്പ്.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ പലരും രംഗത്തുണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം സുദേവന്റെ പേരു നിർദേശിക്കുകയായിരുന്നു. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും സുദേവന്റെ പേര് നിർദേശിച്ചതു സ്ഥാനമൊഴിയുന്ന സെക്രട്ടറി കെ.എൻ.ബാലഗോപാൽ ആണ്.