ചെങ്ങന്നൂരിൽ യുഡിഎഫിന്റെ ‘മൃദു ഹിന്ദുത്വ കാർഡ്’ തിരിച്ചടിച്ചു: സജി ചെറിയാൻ

തിരുവനന്തപുരം∙ ചെങ്ങന്നൂരിൽ മൃദു ഹിന്ദുത്വ കാർഡ് ഇറക്കാനുള്ള യുഡിഎഫ് ശ്രമത്തിനാണു ജനങ്ങൾ തിരിച്ചടി നൽകിയതെന്നു നിയമസഭയിലെ കന്നിപ്രസംഗത്തിൽ സജി ചെറിയാൻ. എല്ലാ ജാതി, മത വിഭാഗങ്ങളിൽപെട്ടവരും കക്ഷി, രാഷ്ട്രീയ ഭേദമെന്യേ എൽഡിഎഫിനു വോട്ട് ചെയ്തിട്ടുണ്ടെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തെ പ്രീണിപ്പിച്ചെന്ന ആക്ഷേപം അവിടത്തെ ജനങ്ങളെ അപമാനിക്കലാണെന്നും ഉപധനാഭ്യർഥന ചർച്ചയിൽ സജി ചെറിയാൻ പറഞ്ഞു.

അന്തരിച്ച കെ.കെ.രാമചന്ദ്രൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ചാണു പ്രസംഗം തുടങ്ങിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ജനിച്ച സ്ഥലങ്ങളിലെ ബൂത്തുകളിലാണു തനിക്ക് ഏറ്റവും ഭൂരിപക്ഷം കിട്ടിയത്. സർക്കാരിന്റെ രണ്ടുവർഷത്തെ പ്രവർത്തനനേട്ടങ്ങൾക്കുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരമാണു ചെങ്ങന്നൂരിലെ വിജയം. ലോക്‌സഭാ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ തകർച്ചയുടെ ആണിക്കല്ലാകും. സകല മാലിന്യങ്ങളും തൂത്തുവാരി മനസ്സിനെ വൃത്തിയാക്കുന്ന ചൂലാണ് കുറ്റസമ്മതമെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അത്തരമൊരു വൃത്തിയാക്കലിനു കോൺഗ്രസ് തയാറാവണമെന്നും സജി ചെറിയാൻ പറഞ്ഞു.