Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയിട്ടില്ല: സജി ചെറിയാൻ

Saji Cherian സജി ചെറിയാൻ

ചെങ്ങന്നൂർ ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരിക്കുന്ന ചടങ്ങിൽ മാധ്യമപ്രവർത്തകനെ താൻ ഭീഷണിപ്പെടുത്തിയെന്ന വാർത്ത തെറ്റാണെന്നു സജി ചെറിയാൻ എംഎൽഎ. വേദിക്കു സമീപമെത്തിയ മാധ്യമപ്രവർത്തകനോടു ഫണ്ട് ശേഖരണത്തെക്കുറിച്ചു തെറ്റായ വാർത്തകൾ കൊടുക്കരുതെന്നു പറയുകയും മന്ത്രി ജി.സുധാകരനു ലേഖകനെ പരിചയപ്പെടുത്തുകയുമാണു ചെയ്തത്. മന്ത്രി പി.തിലോത്തമൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇതിനു സാക്ഷികളാണെന്നും സജി പറഞ്ഞു.

ലേഖകനെ ഭീഷണിപ്പെടുത്തിയെന്ന തരത്തിൽ മണിക്കൂറുകൾക്കുള്ളിൽ നവമാധ്യമങ്ങളിൽ വന്ന വാർത്തകളുടെ ഉറവിടം അന്വേഷിക്കേണ്ടതാണ്. സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ മോശമാക്കി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം കുപ്രചാരണങ്ങൾ.

പ്രതികൂല ചുറ്റുപാടുകളിലും ചെങ്ങന്നൂർ ജനത ഉദാരപൂർവമായാണു ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്തത്. ഇതുവരെ മാധ്യമങ്ങളോടു മാന്യമായ പെരുമാറ്റമേ ഉണ്ടായിട്ടുള്ളൂ. ബോധപൂർവം വ്യാജവാർത്ത ചമയ്ക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.