തിരുവനന്തപുരം∙ വി.എം. സുധീരന്റെ പൊട്ടിത്തെറി അവഗണിക്കാൻ എ, ഐ ഗ്രൂപ്പുകൾ ധാരണയിലെത്തി. പ്രതികരിപ്പിച്ച് അന്തരീക്ഷം കൂടുതൽ വഷളാക്കുകയാണു സുധീരന്റെ ലക്ഷ്യമെന്നാണ് അവരുടെ വിലയിരുത്തൽ. പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ രാഷ്ട്രീയകാര്യ സമിതിയും കെപിസിസി നേതൃയോഗവും തീരുമാനിച്ചുവെന്നതാണു ന്യായീകരണമായി നിരത്തുന്നതെങ്കിലും യഥാർഥത്തിൽ ഇതു തന്ത്രപരമായ നിലപാടാണ്.
ഉമ്മൻചാണ്ടിക്കെതിരെ സുധീരൻ തിരിഞ്ഞ ഉടൻ എ ഗ്രൂപ്പിന്റെ കെ.സി. ജോസഫ് പ്രതികരിച്ചിരുന്നു. സുധീരന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടയിൽ തന്നെ ജോസഫിന്റെ മറുപടിയും വന്നുതുടങ്ങി. ഇതോടെയാണു ഗ്രൂപ്പ് നേതൃത്വങ്ങൾ ഇടപെടുന്നത്. പരസ്യ പ്രസ്താവനകൾ വിലക്കിയതിനാൽ പ്രതികരിക്കുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ ഡൽഹിയിൽ വ്യക്തമാക്കി. അപ്പോഴും ഉമ്മൻചാണ്ടിക്കെതിരെ വ്യക്തിപരമായി സുധീരൻ നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ എ ഗ്രൂപ്പ് കടുത്ത ക്ഷോഭത്തിലായിരുന്നു. എന്നാൽ പോരിന് ഇന്ധനമൊഴിക്കുകയാണു സുധീരന്റെ ലക്ഷ്യമെന്ന് ഉന്നത നേതാക്കൾ ചൂണ്ടിക്കാട്ടിയതോടെ അവഗണിക്കാൻ അവരും തയാറായി.
ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഹസനുമെതിരെ ഒരേസമയത്തു തിരിഞ്ഞ സുധീരന്റെ ലക്ഷ്യം ഹൈക്കമാൻഡിന്റെ ഇടപെടലാണെന്നു നേതാക്കൾ കരുതുന്നു. രാജ്യസഭാ സീറ്റ് ദാനത്തിനെതിരെ പാർട്ടി നേതൃയോഗങ്ങളിൽ മൂന്നുപേർക്കുമെതിരെ വിമർശനം വന്നിരുന്നു. ഇതു പറ്റിയ അവസരമായി കണ്ടു സുധീരൻ മുതലാക്കിയെന്നാണ് ഇരു ഗ്രൂപ്പുകളും കരുതുന്നത്.
വീഴ്ച വിശദീകരിച്ചു പ്രശ്നം തീർക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം പൊളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ രാഷ്ട്രീയകാര്യ സമിതിയിലും കെപിസിസി നേതൃയോഗത്തിലും ദീർഘമായി സംസാരിക്കാൻ അവസരം കിട്ടിയ സുധീരൻ തുടർന്നും പരസ്യമായി തിരിയുന്നതിനു പാർട്ടിയുടെ പൊതുപിന്തുണ കിട്ടില്ലെന്നാണു ഗ്രൂപ്പുകളുടെ നിഗമനം. സുധീരന്റെ ഉദ്ദേശ്യലക്ഷ്യം വേറെയാണെന്നും അവർ ആരോപിക്കുന്നു. പരസ്യ പ്രസ്താവനകൾ വിലക്കിയശേഷം സുധീരൻ അതിനു മുതിർന്നതിനെതിരെ ഹൈക്കമാൻഡിനു പരാതികൾ ഇതിനകം തന്നെ പോയിട്ടുണ്ട്. കെപിസിസിയും ഔദ്യോഗികമായി ഇതു ചൂണ്ടിക്കാട്ടിയേക്കും.
എന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയവർക്കെതിരെ വിരലനക്കാതെ അച്ചടക്കലംഘനം പറഞ്ഞു ഭയപ്പെടുത്തേണ്ടെന്നാണു സുധീരന്റെ നിലപാട്.