കൊച്ചി ∙ വ്യാജനോട്ട് അല്ലെങ്കിൽ ഏതു ചെറിയ തുകയ്ക്കുള്ള കറൻസിയും സ്വീകരിക്കാൻ റിസർവ് ബാങ്ക് നിർദേശമനുസരിച്ചു ബാങ്കിനു ബാധ്യതയുണ്ടെന്നു ഹൈക്കോടതി. എണ്ണിത്തിട്ടപ്പെടുത്താൻ ജീവനക്കാരില്ലെന്ന പേരിൽ ഹർജിക്കാരൻ അടയ്ക്കുന്ന ചെറിയ തുകയ്ക്കുള്ള നോട്ടുകൾ നിരസിക്കാനാവില്ലെന്നും വ്യക്തമാക്കി. കണ്ണൂരിലെ പെട്രോൾ പമ്പുടമയായ എം. സതീഷ്കുമാർ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് ഷാജി പി. ചാലിയുടെ നിർദേശം.
ഇന്ത്യൻ ബാങ്ക് കണ്ണൂർ ഫോർട്ട് റോഡ് ശാഖയിൽ 2018 മേയ് ഏഴു മുതൽ ചെറിയ തുകയ്ക്കുള്ള നോട്ടുകൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. 50 പൈസയുടെ മുതൽ അഞ്ചു രൂപയുടെ വരെ ചെറിയ തുകയ്ക്കുള്ള തുട്ടുകളും നോട്ടുകളുമായി ദിവസം ഒന്നരലക്ഷം രൂപവരെ കിട്ടാറുണ്ടെന്നു പമ്പുടമ അറിയിച്ചു. ചെറിയ തുകയ്ക്കുള്ള നോട്ട് ബാങ്കിൽ എടുക്കാത്തതു സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുന്നുണ്ടെന്നും സമയത്തു സ്റ്റോക്ക് എടുത്തില്ലെങ്കിൽ പെട്രോളിയം കമ്പനിയിൽ കനത്ത പിഴയടയ്ക്കേണ്ടി വരുമെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.
ബാങ്ക് ശാഖയിൽ നിലവിലുള്ള ജീവനക്കാരെ വച്ച് ചെറിയ തുകയ്ക്കുള്ള നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താനാവുന്നില്ലെന്നും സമയമെടുത്ത് എണ്ണി തിട്ടപ്പെടുത്തി രസീത് നൽകുകയാണെന്നും ബാങ്ക് അധികൃതർ ബോധിപ്പിച്ചു. എന്നാൽ, വ്യാജ നോട്ടാണെന്നു ബാങ്കിനു പരാതിയില്ലാത്ത സാഹചര്യത്തിൽ, കുറഞ്ഞ തുകയുടെ നോട്ടായാലും സ്വീകരിച്ച ശേഷം എണ്ണി രസീത് നൽകണമെന്നു കോടതി വ്യക്തമാക്കി. അതേസമയം, നോട്ടുകൾ ഹാജരാക്കുന്നതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിയമപ്രകാരമുള്ള അധികാരികളെ സമീപിക്കാൻ ബാങ്കിനു സ്വാതന്ത്ര്യമുണ്ടാകുമെന്നും വ്യക്തമാക്കി.