തിരുവനന്തപുരം ∙ എൻജിനീയറിങ് പ്രവേശനത്തിൽ കോട്ടയം കുറുപ്പന്തറ പുല്ലൻകുന്നേൽ വീട്ടിൽ അമൽ മാത്യുവിന് ഒന്നാം റാങ്ക്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടികയിൽ അങ്കമാലി മേനാച്ചേരി വീട്ടിൽ ജെസ് മരിയ ബെന്നി ഒന്നാമതെത്തി.
കൊല്ലം പ്രാക്കുളം അച്യുതത്തിൽ ആർ.അഭിരാമിക്കാണ് ആർക്കിടെക്ചർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം. ഫാർമസി പ്രവേശന പരീക്ഷയിൽ പത്തനംതിട്ട അങ്ങാടിക്കൽ നോർത്ത് വലിയപറമ്പിൽ ജെ.നിർമൽ ഒന്നാം റാങ്കുകാരനായി.മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള ഓപ്ഷൻ റജിസ്ട്രേഷൻ 23നു തുടങ്ങും. ആദ്യ അലോട്മെന്റ് 30ന് ആണ്.
എൻജി. ലിസ്റ്റിൽ 46,686 പേർ; മെഡിക്കലിൽ 48,937
തിരുവനന്തപുരം ∙ എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ തയാറാക്കിയ റാങ്ക് പട്ടികയിലുള്ളത് 46,686 പേർ. പ്രവേശന പരീക്ഷയിൽ 58,268 വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു. ഇവരുടെ ഹയർ സെക്കൻഡറി മാർക്ക് കൂടി ചേർത്തു തുല്യ അനുപാതത്തിൽ സമീകരിച്ച ശേഷമാണ് റാങ്ക് പട്ടിക തയാറാക്കിയത്. ഹയർ സെക്കൻഡറി മാർക്ക് സമർപ്പിക്കാത്തവരെ പട്ടികയിൽ ചേർത്തിട്ടില്ല.
പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ കുറെ വിദ്യാർഥികൾ മാർക്ക് സമർപ്പിക്കാതെ മാനേജ്മെന്റ് സീറ്റിലോ കേരളത്തിനു പുറത്തുള്ള കോളജുകളിലോ പ്രവേശനം നേടിയെന്നു കരുതുന്നു. നീറ്റിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടികയിൽ 48,937 വിദ്യാർഥികളുണ്ട്. ഇതിൽ 36,398 പെൺകുട്ടികളും 12,539 ആൺകുട്ടികളുമാണ്. എൻജിനീയറിങ് റാങ്ക് പട്ടികയിൽ 23,743 ആൺകുട്ടികളും 22,943 പെൺകുട്ടികളും ഉൾപ്പെടുന്നു.
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ(നാറ്റാ) സ്കോറിനും യോഗ്യതാ പരീക്ഷയിലെ മാർക്കിനും തുല്യ പരിഗണന നൽകിയാണ് ആർക്കിടെക്ചർ(ബിആർക്) റാങ്ക് പട്ടിക തയാറാക്കിയത്.
എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം പേപ്പറിന്റെ( ഫിസിക്സ്, കെമിസ്ട്രി) മാർക്കിൽ നിന്നു പ്രോസ്പെക്ടസ് പ്രകാരം കണക്കാക്കിയ ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഫാർമസി (ബിഫാം) റാങ്ക് പട്ടിക തയാറാക്കിയത്.
റാങ്ക് പട്ടികയിലെ മുൻനിരക്കാർ
എൻജിനീയറിങ് ഒന്നാം റാങ്കുകാരനായ അമൽ മാത്യുവിന്റെ സ്കോർ 600ൽ 565.0362 ആണ്. കൊല്ലം പെരിനാട് മുരുന്തൽ ശ്രീശബരിയിൽ എം.ശബരികൃഷ്ണയ്ക്കാണ് എൻജിനീയറിങ് രണ്ടാം റാങ്ക്. കോട്ടയം തെള്ളകം കല്ലുങ്കൽ ഡെനിൻ ജോസ് മൂന്നാം റാങ്ക് നേടി. പട്ടികജാതി വിഭാഗത്തിൽ കോഴിക്കോട് മണാശേരി എടക്കണ്ടിയിൽ വീട്ടിൽ സാമിക് മോഹനും പട്ടിക വർഗ വിഭാഗത്തിൽ കാസർകോട് എൻമകജെ ദാമ്പെ മൂലേ ഹൗസിൽ പവൻ രാജും ഒന്നാം റാങ്കുകാരായി.
നീറ്റ് റാങ്ക് പട്ടികയിൽ ദേശീയ തലത്തിൽ അൻപത്താറാം റാങ്കുകാരിയാണ് സംസ്ഥാന റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരി ജെസ് മരിയ. നീറ്റ് സ്കോർ 664. തിരുവനന്തപുരം കരമന ആണ്ടവർ മൻസിലിൽ ആർ.സമ്രീൻ ഫാത്തിമ രണ്ടാം റാങ്കും(നീറ്റ് റാങ്ക് 89), കോഴിക്കോട് കൊടിയത്തൂർ മാളിയേക്കൽ എം.എ.സേബ മൂന്നാം റാങ്കും നേടി (നീറ്റ് റാങ്ക് 99). പട്ടികജാതി വിഭാഗത്തിൽ കണ്ണൂർ ചിറക്കര പൂജയിൽ രാഹുൽ അജിത്തും (നീറ്റ് റാങ്ക് 605), പട്ടിക വർഗ വിഭാഗത്തിൽ കോഴിക്കോട് ചേവായൂർ കൊടിപ്ലാക്കൽ ശാലോമിൽ അമാൻഡ എലിസബത്ത് സാമും (നീറ്റ് റാങ്ക് 5494) ഒന്നാം റാങ്കുകാരായി.
ആർക്കിടെക്ചർ രണ്ടും മൂന്നും റാങ്ക് നേടിയവർ: എറണാകുളം എടത്തല നോർത്ത് പുതുക്കോട് വീട്ടിൽ അഹമ്മദ് ഷബീർ പുതുക്കോട്, മലപ്പുറം മുട്ടനൂർ ഇല്ലത്തേപ്പടി കുനിയിൽ വീട്ടിൽ കെ.അനസ്.
ആർക്കിടെക്ചർ പട്ടികജാതി, വർഗ വിഭാഗങ്ങളിലെ ഒന്നാം റാങ്കുകാർ: മലപ്പുറം മാറാക്കര പള്ളികുളങ്ങര പി.അരവിന്ദ്, ഇടുക്കി കോരുത്തോട് മൂഴിക്കൽ കൊട്ടാരത്തിൽ കെ.എസ്.അമൃത.
ഫാർമസി പ്രവേശന പരീക്ഷയിൽ രണ്ടും മൂന്നും റാങ്ക് നേടിയവർ: തൃശൂർ വരന്തരപ്പിള്ളി വരാക്കര കൊറ്റം ഹൗസിൽ അമൽ കെ.ജോൺസൺ, ആലുവ ഗ്രീൻവ്യൂ ലെയ്ൻ ടായ്മയിൽ ഹിൽമി പർവീൺ. ഫാർമസി പരീക്ഷയിൽ പട്ടികജാതി, വർഗ വിഭാഗങ്ങളിലെ ഒന്നാം റാങ്കുകാർ: കോട്ടയം മുട്ടമ്പലം മലങ്കര ഗവ. ക്വാർട്ടേഴ്സിൽ സാന്ദ്ര, കാസർകോട് കയ്യാർ കൊക്കേച്ചാൽ വീട്ടിൽ കെ.ശ്രുതി.