തിരുവനന്തപുരം∙ പാർലമെന്റ് അംഗങ്ങളുടെ മണ്ഡല വികസന പദ്ധതിയിൽനിന്നു സ്കൂളുകളിലേക്ക് ഐടി ഉപകരണങ്ങൾ വാങ്ങാൻ സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന ഉത്തരവു നാലു മാസത്തിനുള്ളിൽ സർക്കാർ തന്നെ റദ്ദാക്കി. എംപിമാരുടെ സമ്മർദത്തെത്തുടർന്നാണ് അപൂർവമായ നടപടിയെന്നാണു സൂചന. സംസ്ഥാന സർക്കാരിന്റെ മാർഗ നിർദേശങ്ങൾ പാലിച്ചാൽ ലഭിക്കുമായിരുന്ന ഇളവുകളും മറ്റും ഇതോടെ ഇല്ലാതാകും. ഉത്തരവു റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സർക്കാരിനു കത്തുനൽകി.
കഴിഞ്ഞ ജനുവരിയിലാണു കംപ്യൂട്ടർ ഉൾപ്പെടെ സാങ്കേതിക ഉപകരണങ്ങൾ വാങ്ങാൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടത്. പല പദ്ധതികളിലായി ആവശ്യകതയോ വിൽപനാനന്തര സേവനമോ പരിഗണിക്കാതെ ഐടി ഉപകരണങ്ങൾ വാങ്ങുകയും കോടിക്കണക്കിനു രൂപ നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഉത്തരവ്. എന്നാൽ ചില എംപിമാർ ഇതിനെ എതിർത്തു. എംപി ഫണ്ടിൽനിന്നു തുക ചെലവഴിക്കാൻ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങളുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ മാനദണ്ഡങ്ങൾ പദ്ധതിക്കു തടസ്സമാകുമെന്നുമായിരുന്നു അവരുടെ പരാതി. ഇതിനെത്തുടർന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മേൽനോട്ട സമിതി വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിൽനിന്ന് എംപി ഫണ്ട് പദ്ധതികളെ ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഉത്തരവു റദ്ദാക്കിയതിലൂടെ ലൈസൻസുള്ള സോഫ്റ്റ്‌വെയറുകളും എസ്‌സിഇആർടി അംഗീകരിക്കാത്ത പാഠഭാഗങ്ങളും സ്കൂളുകളിലെത്താൻ ഇടയുണ്ടെന്ന്, നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൈറ്റ് അധികൃതർ നൽകിയ കത്തിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നാണു സൂചന. സ്കൂളുകൾക്ക് ആവശ്യമില്ലാത്തതും വില കൂടിയതുമായ ഉപകരണങ്ങൾ എത്താനിടയുണ്ട്. അഞ്ചുവർഷ വാറന്റി, പരാതി പരിഹരിക്കാനുള്ള കോൾ സെന്റർ, പരാതി പരിഹരിച്ചില്ലെങ്കിലുള്ള പിഴ, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ ഇല്ലാതാകുന്നതിലൂടെ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാകുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.