ന്യൂഡൽഹി ∙ ഒരു നിയമസഭാ തിരഞ്ഞെടുപ്പു ജയിക്കാൻ പണം എത്ര ചെലവാകും? അനൗദ്യോഗിക ചെലവു കോടികളിലേക്ക് എത്തുമെങ്കിലും ഔദ്യോഗിക കണക്കിൽ നമ്മുടെ കൊച്ചു കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഭേദമാണ്.
തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചിരിക്കുന്ന തുകയുടെ 70.1 ശതമാനം മാത്രമേ ശരാശരി കേരളത്തിലെ ഒരു ജനപ്രതിനിധി തിരഞ്ഞെടുപ്പു ജയിക്കാൻ ഉപയോഗിച്ചിട്ടുള്ളുവെന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാവട്ടെ അനുവദിച്ച തുകയുടെ പകുതിയോളമേ ചെലവിട്ടിട്ടുള്ളു.
കർണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ കേരളത്തിലെ ഒരു എംഎൽഎയ്ക്കു തിരഞ്ഞെടുപ്പു വിജയിക്കാൻ ശരാശരി ചെലവായത് 19.6 ലക്ഷം രൂപയാണ്. കമ്മിഷൻ അനുവദിച്ചിരിക്കുന്ന പരിധിയാവട്ടെ 28 ലക്ഷം രൂപയും. കാശൊഴുകുന്ന തമിഴ്നാട്ടിൽ 13.36 ലക്ഷം രൂപയും തെലങ്കാനയിൽ 12.63 ലക്ഷം രൂപയുമാണ് വിജയിച്ചവരുടെ ശരാശരി ചെലവ്. ആന്ധ്രയിൽ 12.84 ലക്ഷമാണ് ശരാശരി തിരഞ്ഞെടുപ്പു ചെലവ്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കമ്മിഷൻ അനുവദിച്ചിരിക്കുന്ന തുക 20 ലക്ഷമാണ്. പക്ഷേ, വിജയിച്ചവരുടെ ശരാശരി ചെലവ് കേവലം 5.02 ലക്ഷം രൂപ മാത്രം. ചെലവിന്റെ കാര്യത്തിൽ മാത്രമല്ല, തിരഞ്ഞെടുപ്പു ക്രമക്കേടിന്റെ കാര്യത്തിലും നമ്മുടെ എംഎൽഎമാർ രാജ്യത്തിന് അഭിമാനമാണെന്നു സർവേ പറയുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ ദക്ഷിണന്ത്യൻ സംസ്ഥാനങ്ങളിലെ എംഎൽഎമാർ ഇക്കാര്യത്തിലും ഭേദമാണ്. കർണാടകയിലെ ഇരുപതും തമിഴ്നാട്ടിലെ പതിനൊന്നും തെലങ്കാനയിലെ ആറും ആന്ധ്രയിലെ അഞ്ചും എംഎൽഎമാർ തിരഞ്ഞെടുപ്പിൽ തന്നെ വെള്ളം ചേർത്തവരുടെ പട്ടികയിൽപ്പെടും.
രാജ്യത്തെ എംഎൽഎമാരിൽ 1356 പേർക്കു ക്രിമനൽ കേസുകൾ ഉള്ളതായി അവർ തന്നെ നൽകിയ സത്യവാങ്മൂലത്തിലുണ്ട്. ഇതിൽ 128പേർ തിരഞ്ഞെടുപ്പു ക്രമക്കേട് നടത്തി. ഇതിൽ 84 ശതമാനം പേരും ഉത്തരേന്ത്യക്കാരാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.