പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം: മന്ത്രി കെ.ടി.ജലീൽ

കോഴിക്കോട് ∙ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ. മതത്തെ അടിസ്ഥാനമാക്കി അക്രമങ്ങൾ നടത്തുന്നത് ആർഎസ്എസ് ആണെങ്കിലും പോപ്പുലർ ഫ്രണ്ടാണെങ്കിലും ഒരുപോലെയാണെന്നും മന്ത്രി പറഞ്ഞു. സിപിഎമ്മിൽ എസ്ഡിപിഐ നുഴഞ്ഞുകയറിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കണം. ഇടതുപക്ഷത്തെ നുഴഞ്ഞുകയറി തകർക്കാനാവില്ല.

എസ്ഡിപിഐ ഇരുട്ടിന്റെ മറവിൽ അക്രമം നടത്തി ഒളിച്ചിരിക്കുന്നവരാണ്. മുസ്‍ലിം സമുദായം നിരാകരിച്ച പാർട്ടിയാണത്. സിപിഎമ്മിന് എസ്ഡിപിഐയുമായി മാത്രമല്ല ഒരു തരത്തിലുള്ള വർഗീയശക്തികളുമായും കൂട്ടുകെട്ടില്ലെന്ന് ജലീൽ പറഞ്ഞു. അഭിമന്യുവിന്റെ കൊലയാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ക്യാംപസുകളിൽ നിന്നു മതാന്ധതയുടെയും വർഗീയതയുടെയും ശക്തികളെ തുരത്തണമെന്നും അദ്ദേഹം പറഞ്ഞു.