ചെന്നൈ∙ ജാർഖണ്ഡിൽ സംഘടനയ്ക്കു നിരോധനമേർപ്പെടുത്തിയതിനെതിരെ അനുമതിയില്ലാതെ പ്രതിഷേധിച്ച കേസിൽ 400 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഫെബ്രുവരിയിൽ സംസ്ഥാനമൊട്ടാകെ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണു ഇവർക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണു പോപ്പുലർ ഫ്രണ്ടിനെ ജാർഖണ്ഡ് സർക്കാർ നിരോധിച്ചത്. ഇതിനെതിരെ രാജ്യമാകെ പ്രതിഷേധം നടത്തി. തമിഴ്നാട്ടിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണു 100 വനിതകളുൾപ്പെടെ 400 പ്രവർത്തകർക്കെതിരെ കേസെടുത്തത്.
നിയമവിരുദ്ധമായ സംഘം ചേരലുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തായിരുന്നു കേസ്. ഇത്തരം കേസുകളിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണു കേസെടുത്തതെന്ന ഹർജിക്കാരുടെ വാദം പരിഗണിച്ചാണു ഹൈക്കോടതി ഉത്തരവ്.