Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോപ്പുലർ ഫ്രണ്ട്: നിരോധനത്തോടു വിയോജിച്ചു സർക്കാരും സിപിഎമ്മും

popular-front-of-india ഫയൽചിത്രം

തിരുവനന്തപുരം∙ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന നിർദേശത്തോടു സംസ്ഥാന സർക്കാരും സിപിഎമ്മും അനുകൂലിക്കില്ല. അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തിൽ ഇടതുകേന്ദ്രങ്ങളിൽ നിന്നടക്കം ഈ ആവശ്യം ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരും ഇതു സംബന്ധിച്ച വിവരങ്ങൾ തേടി. സംഘടനാ നിരോധനം ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ലെന്നാണു സിപിഎമ്മിന്റെ അഭിപ്രായം.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാൽ ആ പേരു മാറ്റി മറ്റൊരു പേരിൽ പ്രവർത്തനം തുടങ്ങുമെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. നേരത്തേ സ്റ്റുഡന്റ്സ് ഇസ്‍ലാമിക് മൂവ്മെന്റിനെ(സിമി) 2001ൽ നിരോധിച്ചപ്പോൾ അതാണു സംഭവിച്ചത്. ‘സിമി’യുടെ പ്രധാന പ്രവർത്തകരിൽ പലരും ഇപ്പോൾ പോപ്പുലർ ഫ്രണ്ടിലുണ്ട്. ആർഎസ്എസിനെ മൂന്നു തവണ നിരോധിച്ചിട്ടും സംഘടനയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഇവരുടെ പ്രവർത്തനങ്ങളെ സേനയെ ഉപയോഗിച്ചു ശക്തമായി നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക, സാമൂഹികമായി ഒറ്റപ്പെടുത്തുക എന്നിവയാണു വേണ്ടതെന്നാണു സിപിഎം സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം കേരള പൊലീസിൽനിന്നും ആഭ്യന്തര വകുപ്പിൽനിന്നും കേന്ദ്ര സർ‍ക്കാർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ക്യാംപസിലുണ്ടായ പ്രശ്നത്തെത്തുടർന്നു പുറത്തുനിന്ന് ആളെ വരുത്തി അഭിമന്യുവിനെ വധിച്ചത് ഒരു സാധാരണ വിദ്യാർഥി സംഘർഷമായി കാണാൻ കഴിയില്ലെന്നാണു പൊലീസ് നിഗമനം. തീവ്രവാദ ശക്തികളുടെയും അക്രമികളുടെയും പിൻബലം ഇതിനുണ്ട്. ഇവരുടെ മുൻകാല ചെയ്തികളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കേന്ദ്രത്തിനു കൈമാറി.

ഇതിനിടെ സംസ്ഥാന ഇന്റലിജൻസ് മേധാവി എഡിജിപി: ടി.കെ.വിനോദ് കുമാർ കഴിഞ്ഞദിവസം രാജ്ഭവനിലെത്തി ഗവർണർ പി.സദാശിവത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഗവർണർ വിളിച്ചുവരുത്തിയതല്ലെന്നും കൃത്യമായ ഇടവേളകളിലുള്ള കൂടിക്കാഴ്ചയുടെ ഭാഗമാണെന്നുമാണു രാജ്ഭവൻ കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. പൊലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ ഗവർണർ നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.