തിരുവനന്തപുരം∙ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കണ്ണൂർ കീഴാറ്റൂരിലെ ബൈപാസ് അലൈൻമെന്റ് മാറ്റാൻ സാധ്യത കുറവാണെന്നു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. ബൈപാസ് അലൈൻമെന്റ് മാറ്റാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണു കേന്ദ്രസർക്കാരിൽ നിന്ന് അനൗദ്യോഗികമായി ലഭിച്ച വിശദീകരണം. പുതിയ അലൈൻമെന്റ് ഉണ്ടാക്കുന്നതു ദേശീയപാതാ വികസനം സ്തംഭിപ്പിക്കുമെന്ന കേരളത്തിന്റെ ആശങ്ക ദേശീയപാതാ അതോറിറ്റി മേധാവികൾ ഉൾപ്പെടെയുള്ളവരെ അറിയിച്ചപ്പോഴാണ് ഈ വിശദീകരണം ലഭിച്ചത്. സംസ്ഥാന സർക്കാരിനെ ഒഴിവാക്കി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബിജെപി നേതാക്കളുമായും കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികളുമായും ചർച്ച നടത്തിയതു വിവാദമായ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ അനൗദ്യോഗിക ആശയവിനിമയം നടത്തിയത്.
അലൈൻമെന്റ് മാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ നേരത്തേ തന്നെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യം മന്ത്രി സമരസമിതിയുമായുള്ള ചർച്ചയിലും ചൂണ്ടിക്കാട്ടിയെന്നാണു സൂചന. കേരളത്തിൽ ദേശീയപാതാ വികസനം മുടങ്ങിക്കിടക്കുന്നതിന്റെ പ്രയാസങ്ങളും അദ്ദേഹം പങ്കുവച്ചു. പ്രായോഗികമായ എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമാണു ജനജീവിതത്തെ ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കുന്ന ഈ അലൈൻമെന്റ് നിശ്ചയിച്ചത് എന്നാണ് അതോറിറ്റിയുടെ നിലപാട്. ഇക്കാരണം കൊണ്ടാണു ബൈപാസ് നിർമാണം മൂലമുള്ള പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നു യോഗത്തിൽ മന്ത്രി അറിയിച്ചത്.
അതേസമയം, വിദഗ്ധപഠനം ഉൾപ്പെടെ കാര്യങ്ങൾ മൂലം ദേശീയപാതാ വികസനം സ്തംഭിക്കരുതെന്ന് ആവശ്യപ്പെട്ടു കേരളം ഉടൻ കേന്ദ്രസർക്കാരിനു കത്ത് നൽകും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ റിസർച് ഓഫിസർ ആയ ജോൺ തോമസിന്റെ നേതൃത്വത്തിൽ നേരത്തേ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ച കാര്യവും ഇതിൽ ഉന്നയിക്കും. ബൈപാസ് നിർമാണത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് ഡി വിജ്ഞാപനം നിർത്തിവയ്ക്കുന്നതു സംബന്ധിച്ച ഔദ്യോഗിക നിർദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.