Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷം

guruvayoor-illam-nira നിറസമൃദ്ധിക്കായി: ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറയോടനുബന്ധിച്ച് കതിർക്കറ്റകൾ പ്രദക്ഷിണമായി നാലമ്പലത്തിലേക്ക് എഴുന്നള്ളിക്കുന്നു ചിത്രം: മനോരമ

ഗുരുവായൂർ ∙ ‘നിറയോ നിറ നിറ...’ വിളികളോടെ, ഇല്ലവും വല്ലവും പത്തായവും നിറയാനുള്ള പ്രാ‍ർഥനയോടെ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു. കാർഷികസമൃദ്ധിയുടെ അവശേഷിപ്പായ നിറ ഉത്സവത്തിൽ പങ്കെടുക്കാൻ ഭക്തരുടെ വൻ തിരക്കായിരുന്നു. കർക്കടകപ്പെയ്ത്ത് ഒടുങ്ങിയപ്പോൾ കൊയ്തെടുത്ത ആയിരത്തോളം കതിർക്കറ്റകൾ നിറയ്ക്ക് ഉപയോഗിച്ചു. പാരമ്പര്യ അവകാശി മനയം കൃഷ്ണകുമാറും ഭക്തരും കതിരുകൾ സമർപ്പിച്ചു. 

ദേവസ്വത്തിന്റെ കരനെൽക്കൃഷിയിൽനിന്ന് 153 കറ്റകളുണ്ടായിരുന്നു. കിഴക്കേനടയിൽ രാവിലെ ആറരയോടെ ചടങ്ങുകൾ ആരംഭിച്ചു. അരിമാവണിഞ്ഞു നാക്കിലയിൽ നിരത്തിയ കതിരുകൾ കീഴ്ശാന്തി കിഴിയേടം രാമൻ നമ്പൂതിരി തീർഥം തളിച്ചു ശുദ്ധിവരുത്തി. വേങ്ങേരി അനിലേഷ് നമ്പൂതിരി ഓട്ടുരുളിയിൽ കതിർക്കറ്റകൾവച്ചു മുന്നിൽ നടന്നു. 

നാൽപതോളം കീഴ്ശാന്തിക്കാർ കറ്റകളുമായി അനുഗമിച്ചു. പുതിയേടത്ത് ആനന്ദൻ പിഷാരടി, ഗുരുവായൂർ ശശി മാരാർ, തൃത്താല ശ്രീകുമാർ എന്നിവർ വിളക്കും വാദ്യവുമൊരുക്കി. നമസ്കാരമണ്ഡപത്തിൽ തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി മുന്നൂലം ഭവൻ നമ്പൂതിരി കതിരുകൾക്ക് ലക്ഷ്മിപൂജ ചെയ്തു. പട്ടിൽ പൊതിഞ്ഞ കതിരുകൾ ഗുരുവായൂരപ്പനു സമർപ്പിച്ചു. ഉപദേവത ക്ഷേത്രങ്ങളിലും നിറയൊരുക്കി. പൂജിച്ച കതിരുകൾ ഭക്തർക്കു പ്രസാദമായി നൽകി. ഇവ വീടുകളിലെത്തിച്ചു ഭക്തർ നിറയൊരുക്കി. 

ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, എം.വിജയൻ, പി.ഗോപിനാഥൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.ശങ്കുണ്ണിരാജ്, മാനേജർ പി.മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി.