ഗുരുവായൂർ∙ ക്ഷേത്രത്തിനു പുറത്ത് അന്നലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടില്‍ വരുത്തിയ മാറ്റങ്ങൾ ഭരണസമിതി പിന്‍വലിച്ചു. അഹിന്ദുക്കള്‍ക്കു പ്രവേശിക്കാമെന്നും ഷര്‍ട്ട്, പാന്റ്, ചെരുപ്പ് എന്നിവ ധരിച്ചു പ്രസാദ ഊട്ടിൽ പങ്കെടുക്കാമെന്നുമുള്ള പരിഷ്കാരങ്ങള്‍ ആചാരവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും ക്ഷേതം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ 17ന് എടുത്ത തീരുമാനം ചൊവ്വാഴ്ച ഭരണസമിതി പിന്‍വലിച്ചത്. ദേവപ്രശ്നത്തില്‍ ഇൗ വിഷയം കൂടി ഉള്‍പ്പെടുത്തി ദേവഹിതം ആരായാനും തീരുമാനിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിനകത്തു വിളക്കുവച്ചു ഭഗവാനു നൽകുന്നുവെന്ന സങ്കൽപത്തിൽ ഒരിലയിൽ വിളമ്പിത്തുടങ്ങി ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചാണു പ്രസാദഊട്ടു നടത്തുന്നത്. ക്ഷേത്രത്തിനകത്ത് എങ്ങനെ നടന്നുവോ അതുപോലെ നടത്താമെന്ന ഉറപ്പിലാണു ഊട്ടു പുറത്തേക്കു മാറ്റിയത്. ഇതേ നിബന്ധനയിലാണു ചെമ്പൈ സംഗീതോൽസവവും പുറത്തേക്കു മാറ്റിയത്. ക്ഷേത്രാചാര മര്യാദകൾ പാലിക്കാതെ പ്രസാദ ഊട്ടു നൽകുന്നതിനെതിരെ ഭക്തരും ഭക്തജനസംഘടനകളും മനോവ്യഥ അറിയിച്ചതായും തന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.