ഗുരുവായൂർ∙ ഉത്രാടപ്പുലരിയിൽ കണ്ണന് ഭക്തർ ലക്ഷണമൊത്ത നേന്ത്രക്കുലകൾ കാഴ്ചയായി സമർപിച്ചു. ശീവേലിക്കു ശേഷം കൊടിമരത്തിനു മുന്നിൽ കുത്തുവിളക്കിന്റെയും ശംഖനാദത്തിന്റെയും അകമ്പടിയിൽ മേൽശാന്തി മുന്നൂലം ഭവൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല നാക്കിലയിൽ സമർപിച്ചു. തുടർന്ന് ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ഗീതഗോപി എംഎൽഎ, ശാന്തിയേറ്റ കീഴ്ശാന്തിക്കാർ എന്നിവരും നേന്ത്രക്കുലകൾ സമർപിച്ചു. ചടങ്ങ് രാത്രി വരെ തുടർന്നു.
ഇന്നും ഉത്രാടനക്ഷത്രം ഉള്ളതിനാൽ കാഴ്ചക്കുല സമർപണം നടക്കും. ഉത്രാടശീവേലിക്കെത്തിയ 16 ആനകൾക്ക് പഴങ്ങളിലൊരു ഭാഗം നൽകി. നാളെ നടക്കുന്ന തിരുവോണ സദ്യയ്ക്ക് ഒരു ഭാഗം മാറ്റി വച്ചു. ബാക്കി വരുന്ന പഴങ്ങൾ ഇന്നു കുറഞ്ഞ വിലയ്ക്ക് ഭക്തർക്ക് ലേലത്തിലൂടെ നൽകും.നാളെ തിരുവോണ സദ്യയുണ്ടാകും. തെക്കേനടയിൽ ഇതിനായി പന്തലിട്ടിട്ടുണ്ട്.