Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരൊഴുക്ക് ശക്തം; കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു

low-pressure-rain-graphics

സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ അണക്കെട്ടുകളിൽനിന്നും വെള്ളം തുറന്നുവിടൽ തുടരുന്നു.  കൂടുതൽ അണക്കെട്ടുകൾ തുറന്നേക്കും. 

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു.   ഇന്നലെ മാത്രം ജില്ലയിൽ 68.3 മില്ലീമീറ്റർ മഴ പെയ്തു. ബാണാസുര സാഗർ അണക്കെട്ടറിന്റെ ഷട്ടറുകൾ ഇന്നലെ രാത്രിയില്‍ 180 സെന്റീമീറ്ററിലേക്ക് ഉയർത്തി. അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങൾ പ്രളയഭീതിയിലായി. വയനാട്ടിൽ ഇതുവരെ 537 വീടുകൾ തകർന്നു. 124 ക്യാംപുകളിലായി 13461 പേർ ദുരിതാശ്വാസ ക്യാംപുകളിൽ തുടരുന്നു. പൊഴുതന കുറിച്യർമലയോട് ചേർന്ന് ഇന്നലെയും ഉരുള്‍പൊട്ടലുണ്ടായി. മാനന്തവാടിയിലെ തൃശിലേരി തച്ചറക്കൊല്ലി, അമ്പലമൂലി ഭാഗങ്ങളിൽനിന്ന് 23 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എന്‍സിസി, സ്കൗട്ട്, ഗൈഡ്സ് തുടങ്ങിയ വിഭാഗങ്ങളുടെ സ്വാതന്ത്ര്യദിന പരേഡ് റിഹേഴ്സല്‍ മാറ്റിവച്ചു. സ്വാതന്ത്ര്യദിന പരേഡില്‍ വിദ്യാര്‍ഥികളുടെ പ്ലാറ്റൂണ്‍ ഉണ്ടായിരിക്കില്ല. 

കർണാടകയിലെ ബീച്ചനഹള്ളി, നുഗു അണക്കെട്ടുകൾ തുറന്നതിനെത്തുടർന്ന് മലയാളികളുടെ ഏക്കറുകണക്കിന് ഇഞ്ചിപ്പാടങ്ങൾ വെള്ളത്തിനടിയിലായി.  മൂന്നാറിൽ അതിശക്തമായി മഴ തുടരുന്നു. 

ശബരിഗിരി ജല വൈദ്യുതപദ്ധതി പ്രദേശത്ത് മഴയുടെ ശക്തി വീണ്ടും വർധിച്ചു. ആനത്തോടിന്റെ പരമാവധി സംഭരണശേഷി 981.46 മീറ്ററും കക്കിയുടേത് 981.1 മീറ്ററുമാണ്. പമ്പ അണക്കെട്ടിലെ ജലനിരപ്പ് 986.33 മീറ്ററാണ്. കക്കി–ആനത്തോട് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ 10 അടിയും പമ്പ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ രണ്ട് അടിയുമാണ് തുറന്നിരിക്കുന്നത്. 

ആനത്തോട് അണക്കെട്ടിൽ നിന്നുള്ള വെള്ളം കക്കിയാറ്റിലൂടെയും പമ്പ ഡാമിൽ നിന്നുള്ള വെള്ളം പമ്പാ നദിയിലൂടെയുമാണ് ത്രിവേണിയിൽ എത്തുന്നത്. വെള്ളത്തിൽ മുങ്ങിയ പമ്പ  മണപ്പുറത്ത്  പല സ്ഥലത്തും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ജലം ഇറങ്ങിയാൽ മാത്രമേ കുഴികൾ എവിടെയെന്നു കണ്ടെത്താൻ കഴിയൂ. ഈ സാഹചര്യത്തിൽ തീർഥാടകരെ കടത്തിവിടുന്നത് അപകടകരമാണ്.

ജല അതോറിറ്റിയുടെ പമ്പുകൾ വെള്ളത്തിനടിയിലായതുമൂലം പമ്പാ  മണൽപ്പുറത്ത് പമ്പിങ് പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.ട്രാൻസ്ഫോമറുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ വൈദ്യുതി വിതരണം  പുനഃസ്ഥാപിക്കാൻ കഴിയുന്നില്ല. പമ്പയിൽ മൂന്ന് ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. 

വെള്ളം ഇറങ്ങിയാൽ മാത്രമേ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കഴിയൂ എന്നു വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. പമ്പയുടെ മറുകരയിൽ രണ്ട് വാട്ടർ ടാങ്കുകളിലായി കുറച്ചുദിവസത്തേക്കുള്ള ശുദ്ധജലം സ്റ്റോക്കുണ്ട്. 

കോഴിക്കോട് കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിന്റെ രണ്ടു ഷട്ടറുകളും ഒരടി  അർധരാത്രിയോടെ ഉയർത്തി. 

ജില്ലയിൽ 291 കുടുംബങ്ങളിലെ 1013 പേരാണ് ദുരിതാശ്വാസ ക്യാപുകളിലുള്ളത്  ഇന്നലെ ഏഴു ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. തിരുവമ്പാടി  മറിപ്പുഴയ്ക്കു മുകളിൽ വീണ്ടും ഉരുൾപൊട്ടി പുഴയിൽ കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞു.  പതിനഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.

ഇടുക്കി അണക്കെട്ടിലെ ഒന്നും അഞ്ചും ഷട്ടറുകളാണു ഇന്നലെ വൈകിട്ട് ആറരയോടെ അടച്ചത്.  അതേസമയം മറ്റു മൂന്നു ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം താഴ്ത്തി.  ഇതോടെ പെരിയാറിലേക്ക് ഒഴുകുന്ന ജലത്തിന്റെ തോത് സെക്കൻഡിൽ 4.5 ലക്ഷം ലീറ്ററായി കുറഞ്ഞു  മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെയും മഴ ദുർബലമായിരുന്നു. 

പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മാട്ടുപ്പെട്ടി അണക്കെട്ട് നിറയുന്നു. 1599 അടിയാണു ജലനിരപ്പ്. 1599.60 ൽ ജലനിരപ്പ് എത്തുമ്പോൾ ഷട്ടർ തുറന്ന് അധികജലം പഴയമൂന്നാർ ഹെഡ് വർക്ക്സ് ഡാമിലേക്ക് ഒഴുക്കുമെന്നു കെഎസ്ഇബി അറിയിച്ചു. ഡാമിന്റെ താഴെ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം. 

മലമ്പുഴ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ നാലു ഷട്ടറുകളും 45 സെന്റീമീറ്റർ ഉയർത്തി. നഗരപ്രദേശത്ത് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. വാളയാർ ഡാം തുറക്കുന്നതിന് മുന്നോടിയായി ആദ്യ മുന്നറിയിപ്പും ചുള്ളിയാർ ഡാം തുറക്കുന്നതിനു മുന്നോടിയായി രണ്ടാമത്തെ മുന്നറിയിപ്പും നൽകി. 

മലപ്പുറം ജില്ലയിലെ നിലമ്പൂർ പന്തീരായിരമേക്കർ മലവാരത്തിൽ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യൻപാറയ്ക്കു മീതെ വെള്ളരിമലയിലും ഉരുൾപൊട്ടി. ആഢ്യൻപാറയുടെ സമീപം കഴിഞ്ഞ ബുധനാഴ്ചയും ഉരുൾപൊട്ടിയിരുന്നു. 

ആഢ്യൻപാറ ജലവൈദ്യുത നിലയത്തിനടുത്ത് റോഡ് വരെ വെള്ളം ഉയർന്നു. ചാലിയാറിന്റെ കൈവഴികളായ കുറുവൻപുഴയിലും കാഞ്ഞിരപ്പുഴയിലും മലവെള്ളം കുതിച്ചെത്തി. മതിൽമൂല, നമ്പൂരിപ്പൊട്ടി കോളനികളിൽ ഇന്നലെയും വെള്ളം കയറി.

related stories