തിരുവനന്തപുരം∙ അപ്രതീക്ഷിത അറസ്റ്റ്. പൊലീസ് കസ്റ്റഡിയിൽ മൂന്നാം മുറകൾ. 50 ദിവസം ക്രിമിനലുകൾക്കൊപ്പം തടവറയിൽ. പ്രശസ്തിയുടെ ഭ്രമണപഥത്തിൽ നിന്നു കൂപ്പു കുത്തിയതു ചാരക്കേസ് പ്രതിയെന്ന തീരാകളങ്കത്തിലേക്ക്. ക്ഷതമേറ്റ ആത്മാഭിമാനവുമായി പിന്നീട് 24 വർഷം സമാനതകളില്ലാത്ത നിയമപോരാട്ടം. ഇപ്പോഴിതാ സുപ്രീം കോടതിയുടെ ചരിത്രവിധിയോടെ നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ ചാരത്തിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ അഭിമാനത്തോടെ വീണ്ടും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ.
1994 നവംബർ 30നാണ് ഈഞ്ചയ്ക്കലിലെ വീട്ടിൽ ഉച്ചവിശ്രമത്തിലായിരുന്ന നമ്പി നാരായണനെ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. അവിടെ തുടങ്ങിയതാണു നിയമയുദ്ധത്തിന്റെ നീണ്ട രണ്ടര പതിറ്റാണ്ട്. ക്രയോജനിക് സാങ്കേതിക വിദ്യയിൽ രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിലൊളായ നമ്പി നാരായണനെ ലോക്കൽപൊലീസും അനുബന്ധ നിയമസംവിധാനവും ചേർന്ന് തോൽപ്പിച്ച നാളുകൾ. മാലെ വനിതകളായ മറിയം റഷീദ, ഫൗസിയ ഹസൻ, ഐഎസ്ആർഒ ശാസ്ത്രജ്ഞൻ എസ്.ശശികുമാർ എന്നിവർക്കൊപ്പമാണു നമ്പി നാരായണനും അറസ്റ്റിലായത്.
ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണ ഫലങ്ങൾ ചോർത്തിയെന്നായിരുന്നു ആരോപണം. ആദ്യം കേരള െപാലീസും പിന്നീടു ദേശീയ അന്വേഷണ ഏജൻസികളും അന്വേഷിച്ചു. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് 1996 മേയിൽ സിബിഐ റിപ്പോർട്ട് നൽകി. സുപ്രീം കോടതി ഇതു ശരിവച്ചു. എന്നാൽ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അദ്ദേഹത്തിനുണ്ടായ നഷ്ടം നികത്താനാകാത്തതായിരുന്നു. തന്നെ രാജ്യദ്രോഹിയെന്നു മുദ്രകുത്താൻ ശ്രമിച്ചവരെ വിടാൻ നമ്പി നാരായണൻ ഒരിക്കലും തയാറല്ലായിരുന്നു.
തന്റെ ജീവിതം, കരിയർ, സമ്പാദ്യം, അന്തസ്, ആത്മാഭിമാനം എല്ലാം ഈ കേസ് നഷ്‌ടപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നിയമയുദ്ധത്തിനു തുടക്കമിട്ടത്. തന്നെ അറസ്‌റ്റ് ചെയ്‌തത് ഐഎസ്‌ആർഒയുടെ മനോവീര്യം കെടുത്താനാണെന്നും അദ്ദേഹം കോടതിയിൽ ആരോപിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ നിന്ന് ഒരു കോടി രൂപയുടെ നഷ്ടപരിഹാര ഉത്തരവു നേടി. ഹൈക്കോടതി ഇതു 10 ലക്ഷമാക്കി ചുരുക്കി. തന്നെ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പക്ഷേ, ഹൈക്കോടതിയും മാറി വന്ന സർക്കാരുകളും തള്ളി. ഇതോടെയാണു സുപ്രീം കോടതിയെ സമീപിച്ചത്.
കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇപ്പോൾ അരക്കോടി രൂപ നഷ്ടപരിഹാരവും ചാരക്കേസ് അന്വേഷിച്ച കേരള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനുമാണ് സുപ്രീം കോടതി വിധിച്ചത്. ഇതോടെ പോരാട്ടം അവസാനിപ്പിക്കുകയാണു നമ്പി നാരായണൻ.
ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കണമെന്നാണ് ഈ എഴുപത്തിയെട്ടുകാരൻ ഇന്നലെ പ്രതികരിച്ചത്. കള്ളക്കേസിൽ കുടുക്കിയവർക്കു ശിക്ഷ ഉറപ്പെന്ന വിശ്വാസമായിരുന്നു ആ വാക്കുകളിൽ. അനീതിക്കെതിരായ പോരാട്ടങ്ങൾക്ക് ആവേശം പകരുന്ന മറ്റൊരു നിയമ പോരാട്ടമായി ഇതു ചരിത്രത്തിൽ സ്ഥാനം പിടിക്കും. ഒപ്പംകേരള പൊലീസിന്റെ കുറ്റാന്വേഷണ പട്ടികയിൽ നാണക്കേടിന്റെ മറ്റൊരു ഏടു കൂടിയും.