ചാരക്കേസിൽ ചാരമായിപ്പോയ ശാസ്ത്രജ്ഞനെന്നു ലോകം വിധിയെഴുതിയപ്പോൾ കാലത്തിന്റെ വിധി തനിക്കൊപ്പമായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു എസ്. നമ്പി നാരായണൻ. പോരാട്ടത്തിനു കോടതിയുടെ അംഗീകാരം ലഭിച്ചപ്പോഴും അത്യാഹ്ലാദമില്ല. ആവേശത്തോടെയുള്ള ഫോൺ വിളികൾക്കെല്ലാം ഒരേ മറുപടി: ‘ഞാനല്ല, നിയമമാണു വിജയിച്ചത്. പോരാട്ടത്തിന്റെ ഒരു ഘട്ടം കഴിഞ്ഞു. ഇനിയും പലതും തെളിയാനുണ്ട്.’
ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ട്; ചോദ്യം ചെയ്തവരെയെല്ലാം ഉത്തരം മുട്ടിച്ച ശാസ്ത്രജ്ഞന്. 24 വർഷമായി പോരാട്ടം നടത്തുന്ന ഈ 77 വയസ്സുകാരൻ അനുഭവങ്ങൾ അയവിറക്കി ചെറുപ്പമാർജിക്കുകയാണ് ഇപ്പോഴും. വിധി വരുന്നതിനു തലേന്നു രാത്രി ഉറങ്ങാനായില്ല. എന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ, ഓർമകൾ....പിന്നെയും ഓർമകൾ.....
അനുഭവിച്ച വേദനകൾക്കുള്ള വിലയാകുമോ കോടതി അനുവദിച്ച 50 ലക്ഷം രൂപ?
ഞാൻ അനുഭവിച്ചതിനൊന്നിനും വിലയിടാനാവില്ല. നഷ്ടപരിഹാരത്തിനുമപ്പുറം സത്യം തെളിയിക്കാൻ സമിതിയെ നിയോഗിച്ചതു നേട്ടം തന്നെ. എന്തൊക്കെയാണു നടന്നതെന്നും ആരൊക്കെയാണു പിന്നിലുണ്ടായിരുന്നതെന്നും സമിതി കണ്ടെത്തുമെന്നാണു വിശ്വാസം. പൊലീസിന് അധികാരമുണ്ട്. അതുവച്ച് ആരെയും കീഴ്പ്പെടുത്താമെന്നും വഴിയാധാരമാക്കാമെന്നുമുള്ള ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണു കോടതിവിധി.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കു തടവുശിക്ഷ വേണമെന്ന് ആഗ്രഹമുണ്ടോ?
ഒരിക്കലുമില്ല. തെറ്റു സംഭവിച്ചുവെന്ന് അവർ പൊതുമധ്യത്തിൽ പറഞ്ഞാൽ മതി.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവപരമ്പരകളുടെ കേന്ദ്രബിന്ദുവായിരുന്ന താങ്കൾ എന്നെങ്കിലും രാഷ്ട്രീയാഭിമുഖ്യം പുലർത്തിയിട്ടുണ്ടോ?
ചെറുപ്പത്തിലും ഇപ്പോഴും രാഷ്ട്രീയ കക്ഷികളുമായി ബന്ധമില്ല. നല്ല നേതാക്കളോടു ബഹുമാനമുണ്ട്. എന്നാൽ പാർട്ടികളോട് ഒട്ടും താൽപര്യമില്ല.
ചാരക്കേസിൽ അധികാരം നഷ്ടമായ കെ.കരുണാകരനുമായി എന്നെങ്കിലും സംസാരിച്ചിട്ടുണ്ടോ?
അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. ഫോണിൽ പോലും സംസാരിച്ചിട്ടില്ല. മകൻ കെ.മുരളീധരനെ വിമാനത്താവളത്തിൽ പലവട്ടം കണ്ടിട്ടുണ്ട്. ചിരിക്കുമെന്നല്ലാതെ സംസാരിച്ചിട്ടേയില്ല.
വിധിയുടെ പശ്ചാത്തലത്തിൽ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ നടത്തിയ പ്രസ്താവനകളെക്കുറിച്ച്?
അത് എന്റെ വിഷയമല്ല. അവർ തന്റെ അച്ഛനു നേരിട്ട വിഷമതകളെക്കുറിച്ചു സംസാരിക്കുന്നു. അതേക്കുറിച്ചു ഞാൻ അഭിപ്രായം പറയേണ്ടതില്ല.
ചാരക്കേസിൽ ഇടപെട്ടതിനു രാഷ്ട്രീയ നേതാക്കളാരെങ്കിലും കുറ്റബോധം പ്രകടിപ്പിച്ചിട്ടുണ്ടോ?
അത് ആഘോഷമാക്കിയ ഒരു കോൺഗ്രസ് നേതാവ് വിമാനയാത്രയ്ക്കിടെ എന്നോടു മാപ്പു ചോദിച്ചിട്ടുണ്ട്. അടുത്തു വന്നിരുന്ന അദ്ദേഹം സുഖാന്വേഷണം നടത്തി. മുൻപു ചെയ്തതിനു മാപ്പു ചോദിച്ചു. ഞാൻ ചിരിച്ചതേയുള്ളൂ. എണീറ്റുപോകുന്നതിനു മുൻപ് എന്നോട് അഭ്യർഥിച്ചു, ഇക്കാര്യം വെളിപ്പെടുത്തരുതെന്ന്. ഞാൻ വാക്കും നൽകി.
ചാരക്കേസ് അന്വേഷണത്തലവനായിരുന്ന സിബി മാത്യൂസ് മാപ്പു ചോദിച്ചിട്ടുണ്ടോ?
മാപ്പു ചോദിച്ചുവെന്നു ഞാൻ പറയുന്നില്ല. സൂര്യ കൃഷ്ണമൂർത്തി ഒരിക്കൽ വിളിച്ചിട്ടു സിബിക്കു കാണാൻ താൽപര്യമുണ്ടെന്നു പറഞ്ഞു. ഞാൻ അനുവദിച്ചില്ല. രണ്ടുമാസം കഴിഞ്ഞു മൂന്നാംവട്ടം വിളിച്ച കൃഷ്ണമൂർത്തി ചോദിച്ചു, കാണുന്നതുകൊണ്ട് എന്താ കുഴപ്പം? സംസാരിക്കുന്നതല്ലേ നല്ലത്? ഞാൻ സമ്മതിച്ചു. മൂർത്തിയുടെ വഴുതയ്ക്കാട്ടുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച. സിബിയും ഭാര്യയും ഉണ്ടായിരുന്നു. കഴിഞ്ഞതൊന്നും മനസ്സിൽ വയ്ക്കരുതെന്നു സിബിയുടെ ഭാര്യയാണു പറഞ്ഞത്. അവരോ സിബിയോ മാപ്പു ചോദിച്ചിട്ടില്ല.
ആ സംഭാഷണത്തിൽ സിബി മാത്യൂസിനോടു ക്ഷമിക്കാൻ തോന്നിയോ?
അദ്ദേഹം അപ്പോഴും കള്ളം പറയുകയായിരുന്നു. അങ്ങനെ ഒരാളോട് എങ്ങനെ ക്ഷമിക്കാൻ? ഡിജിപി ടി.വി.മധുസൂദനന്റെ നിർദേശപ്രകാരം പ്രവർത്തിച്ചതല്ലാതെ സ്വന്തമായി ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. അന്വേഷണം സിബിഐക്കു വിടാൻ നിർദേശിച്ചതു സിബിയാണെന്നും പറഞ്ഞു. എല്ലാം പച്ചക്കള്ളം. മധുസൂദനൻ പറഞ്ഞിട്ടാണു കേസ് സിബിഐക്കു വിട്ടത്. മധുസൂദനനെ എനിക്കു നന്നായറിയാം. എന്നെപ്പോലൊരാളെ കുടുക്കാൻ അദ്ദേഹം പറയില്ല. ക്ഷമിക്കണമെന്നു സിബി എന്നോടു പറഞ്ഞു. ഞാൻ ഒരു ഡിമാൻഡ് വച്ചു. ചെയ്തതെല്ലാം തെറ്റായിപ്പോയെന്നു മാധ്യമ പ്രവർത്തകരോടു പറയാമോ? ഞാൻ വിളിച്ചുവരുത്താം അവരെ. മറുപടി ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. അദ്ദേഹം പറഞ്ഞു: തെറ്റ് ഏറ്റുപറഞ്ഞാൽ വീട്ടിൽ എത്തുന്നതിനു മുൻപു ജനം എന്നെ കല്ലെറിഞ്ഞു കൊല്ലും. അങ്ങനെ സംഭാഷണം അവിടെ അവസാനിപ്പിച്ചു.
നവംബർ ഒന്നിനാണു താങ്കൾ ഐഎസ്ആർഒയിൽനിന്നു രാജിവയ്ക്കുന്നത്. 30 നു പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റക്കാരനാണെന്ന ബോധം കൊണ്ടാണു രാജിവച്ചതെന്നു പ്രചാരണം ഉണ്ടായല്ലോ?
രാജിയും അറസ്റ്റും തമ്മിൽ ഒരു ബന്ധവുമില്ല. വലിയമലയിൽ ലിക്വിഡ് പ്രൊപ്പൽഷൻ വിഭാഗത്തിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്നു ഞാൻ. അവിടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അനിശ്ചിതത്വം വന്നു. എനിക്ക് അത് ഉൾക്കൊള്ളാനായില്ല. ഒക്ടോബറിൽ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണു കത്തു നൽകിയത്. അതിനെ ചാരക്കേസുമായി പൊലീസ് കൂട്ടിക്കെട്ടുകയായിരുന്നു.
ഐഎസ്ആർഒയുടെ കുതിപ്പിനു ചാരക്കേസ് തടസ്സമായിട്ടുണ്ടോ?
മഹത്തായ സ്ഥാപനത്തെ അതു പിന്നോട്ടടിച്ചു. വെറും സർക്കാർ ഉദ്യോഗസ്ഥർ മാത്രമായി ചുരുങ്ങി ശാസ്ത്രജ്ഞർ.