തിരുവനന്തപുരം∙ തദ്ദേശസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനെച്ചൊല്ലി ആരോഗ്യ, തദ്ദേശസ്ഥാപന വകുപ്പുകള്‍ ഏറ്റുമുട്ടലില്‍. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ തദ്ദേശസ്ഥാപനങ്ങള്‍ ഏല്‍പിക്കുന്ന ജോലികള്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പ് നിരന്തരം ഉത്തരവു പുറപ്പെടുവിക്കുന്നുണ്ട്.
സാമൂഹിക സുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട ജോലികളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നഴ്സുമാരും പങ്കെടുക്കരുതെന്നു കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പു ഡയറക്ടര്‍ ഡോ. ആര്‍.എല്‍.സരിത ഉത്തരവ് ഇറക്കിയിരുന്നു. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നിര്‍ദേശപ്രകാരമാണിത്. ഇതോടെ വകുപ്പുകൾ തമ്മിലുള്ള സംഘർഷം കനത്തു.
അടിക്കടി ഉത്തരവ് ഇറക്കി അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്നതു മുഖ്യമന്ത്രിയെ അറിയിക്കണമെന്ന നിലപാടാണു തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥർക്ക്. അയല്‍ക്കൂട്ടം, പദ്ധതിരേഖ തയാറാക്കല്‍ എന്നിവയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു. അന്നു തദ്ദേശവകുപ്പ് എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.
സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിന്റെ സർവേ ജോലിയിൽ നിന്നു കൃഷി അസിസ്റ്റന്റുമാർ വിട്ടുനിന്നതു തദ്ദേശസ്ഥാപനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കൃഷി വകുപ്പിന്റെ പദ്ധതികളൊഴികെ തദ്ദേശസ്ഥാപനങ്ങൾ ഏൽപിക്കുന്ന ഒരു ജോലിയും ചെയ്യാനാവില്ലെന്നാണ് അവർ നിലപാടു സ്വീകരിച്ചത്. സർവേ ജോലികൾ ചെയ്യാത്തതിനു ചില പഞ്ചായത്തുകളിലെ കൃഷി അസിസ്റ്റന്റുമാരെ സസ്പെൻഡ് ചെയ്തു. ഇതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.