വിഴിഞ്ഞം∙ കൈക്കുഞ്ഞുൾപ്പെട്ട അഞ്ചംഗ രോഹിൻഗ്യൻ അഭയാർഥി കുടുംബം വിഴിഞ്ഞത്ത്. ടൗൺഷിപ് മദ്രസ ഹാളിൽ ഇവരെത്തിയതായി ജമാഅത്തിൽനിന്നു വിവരം നൽകിയതനുസരിച്ചു സംഘത്തെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യംചെയ്തു. ജോലി തേടി ഹൈദരാബാദിൽനിന്ന് എത്തിയതാണെന്നാണ് ഇവർ പറഞ്ഞത്. ഐബി, ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു.
ഹൈദരാബാദിലെ സൈബ്രാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലാപൂർ അഭയാർഥി ക്യാംപ് ഒന്നിൽനിന്ന് ഒളിച്ചുകടന്നാണു സംഘം തലസ്ഥാനത്തെത്തിയതെന്നും ഇവരെ പൊലീസ് അകമ്പടിയോടെ മടക്കി അയയ്ക്കുമെന്നുമാണു പ്രാഥമിക വിവരം. സംസ്ഥാനത്ത് ഇവർക്കെതിരെ നിയമനടപടികൾ ഒന്നുമില്ല.
ട്രെയിൻ മാർഗം തിങ്കൾ രാത്രിയോടെ തലസ്ഥാനത്തെത്തിയ സംഘം രാവിലെയാണു വിഴിഞ്ഞത്ത് എത്തിയത്. ഇരുമ്പുപെട്ടിയും കെട്ടും ഭാണ്ഡവുമായിട്ടായിരുന്നു വരവ്. മ്യാൻമറിലെ മ്യാവൂ ജില്ലയിൽനിന്നുള്ള തയ്യൂബ് (35), ഭാര്യ സഫൂറ ഖത്തൂൺ (27), ഇവരുടെ ആറുമാസം പ്രായമായ കുഞ്ഞ്, തയ്യൂബിന്റെ സഹോദരൻ അർഷാദ് (25), സഫൂറയുടെ പ്രായപൂർത്തിയാകാത്ത സഹോദരൻ എന്നിവരാണു സംഘത്തിൽ.
രണ്ടുവർഷം മുൻപ് മ്യാൻമറിൽനിന്ന് സംഘം ഇന്ത്യയിലേക്കു പാലായനം ചെയ്തതാണ്. തയ്യൂബ് ഇലക്ട്രീഷനാണ്. വിഴിഞ്ഞം ഇൻസ്പെക്ടർ ഓഫ് പൊലീസ് ബൈജു എൽ.എസ്. നായർ, ഇന്റലിജൻസ് ഡിവൈഎസ്പി: സുരേഷ്കുമാർ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐബി) ഇൻസ്പെക്ടർ രാജു എന്നിവരടങ്ങുന്ന സംഘമാണു വിവരങ്ങൾ ശേഖരിച്ചത്.