തൊടുപുഴ∙ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പു വന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഉയർത്തി. പരമാവധി ഉൽപാദനമാണ് സംസ്ഥാനത്തെ കെഎസ്ഇബി വൈദ്യുതി നിലയങ്ങളിൽ നടക്കുന്നത്. വരും ദിവസങ്ങളിലും ഉൽപാദനം പരമാവധിയാക്കുമെന്നു കെഎസ്ഇബി ലോഡ് ഡെസ്പാച്ച് വിഭാഗം അറിയിച്ചു. ഈ മാസത്തെ ശരാശരി ഉൽപാദനം പ്രതിദിനം 28 ദശലക്ഷം യൂണിറ്റായിരുന്നു.
പ്രളയകാലത്ത് സംസ്ഥാനത്ത് പ്രതിദിനം 38 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു ഉൽപാദനം. കഴിഞ്ഞ പ്രളയകാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് 95 ശതമാനത്തിലേറെയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അണക്കെട്ടുകളിൽ 81 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ ഇന്നലെ വൈകിട്ട് നാലിന് ഉയർത്താൻ ഇടുക്കി കലക്ടർ കെ. ജീവൻബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചിരുന്നു. ഷട്ടർ ഉയർത്താൻ കെഎസ്ഇബിക്ക് കലക്ടർ അനുവാദം നൽകുകയും ചെയ്തു. പെരിയാർ തീരത്തുള്ളവർക്കു ജാഗ്രതാ നിർദേശവും നൽകി.
എന്നാൽ രണ്ടു മണിക്കൂറിനുള്ളിൽ തീരുമാനം കെഎസ്ഇബി മാറ്റി. കാലാവസ്ഥയിൽ ഉണ്ടായ മാറ്റവും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതുമാണ് ഷട്ടർ ഉയർത്തുന്നത് താൽക്കാലികമായി നീട്ടാൻ കാരണമെന്നു വൈദ്യുതി ബോർഡ് അറിയിച്ചു. ഇന്നു 10 ന് കലക്ടറുടെ ചേംബറിൽ അവലോകന യോഗം ചേരും. ഇടുക്കി അണക്കെട്ടിൽ പരമാവധി സംഭരണ ശേഷിയെത്താൻ ഇനിയും 15 അടി വെള്ളം കൂടി വേണം.