ന്യൂഡൽഹി ∙ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട കമാൻഡർ അഭിലാഷ് ടോമിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നട്ടെല്ലിന്റെ കശേരുവിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ന്യൂഡൽഹിയിലെ സേനാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
രണ്ടു മണിക്കൂർ ശസ്ത്രക്രിയ പൂർണ വിജയമായിരുന്നുവെന്നും അഭിലാഷ് സുഖം പ്രാപിക്കുകയാണെന്നും നാവികസേന അറിയിച്ചു. ശസ്ത്രക്രിയയ്ക്കു പിന്നാലെ അഭിലാഷിനെ നാവിക സേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ സന്ദർശിച്ചു. ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ എയർ കൊമൊഡോർ ഡോ. എം.എസ്. ശ്രീധറുമായും ലാംബ ചർച്ച നടത്തി.