കൊച്ചി∙ പിഎഫ് പെൻഷൻ ഫണ്ട് കുറഞ്ഞുപോകുമെന്ന ആശങ്കയിൽ പെൻഷൻകാരന്റെ വായിലെ അപ്പം മോഷ്ടിക്കുന്നതു ശരിയല്ലെന്നു ഹൈക്കോടതി. ഫണ്ട് രൂപീകരിക്കുന്നതു തൊഴിലാളിയുടെയും തൊഴിലുടമയുടെയും സംഭാവന കൊണ്ടായതിനാൽ സർക്കാരിനു സാമ്പത്തിക ബാധ്യതയില്ല. വാർധക്യത്തിൽ മാന്യമായി ജീവിക്കാൻ തികയാത്ത വിധം തുച്ഛമായ തുക പെൻഷൻ നൽകുന്നത് അംഗീകരിക്കാനാവില്ല.വിവേകപൂർവമായ നിക്ഷേപവും പ്രഫഷനൽ മാനേജ്മെന്റും വഴി പിഎഫ് പെൻഷൻ ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കാനുള്ള ബാധ്യത കേന്ദ്ര ബോർഡിനുണ്ടെന്നും കോടതി പറഞ്ഞു.
∙ഫണ്ട് മെച്ചപ്പെടും
പെൻഷൻകാർക്ക് ഉപകാരപ്പെടാനാണു പെൻഷൻ ഫണ്ട്. ഫണ്ട് ചുരുങ്ങുമെന്ന പിഎഫ് ഓർഗനൈസേഷന്റെ ആശങ്കയിൽ കാര്യമില്ല. ഇപിഎഫ് പരിധിയിൽ വരുന്ന സ്ഥാപനങ്ങളും തൊഴിലാളികളും കുടുകയാണ്. യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾ പെൻഷൻ വിഹിതം നൽകുന്നതു ഫണ്ട് കൂട്ടും. തുടർപ്രക്രിയയായി ഫണ്ട് വർധിക്കും. ഫണ്ടിന്റെ അടിത്തറ ഇളകുന്ന സാഹചര്യമുണ്ടായാൽ സംഭാവന വിഹിതം വർധിപ്പിക്കാനും നിയമനിർമാണം പരിഗണിക്കം.
∙ തരംതിരിവ് പാടില്ല
2014 സെപ്റ്റംബർ ഒന്നിനു വന്ന ഭേദഗതി നാലു തരം പെൻഷൻകാരെ സൃഷ്ടിക്കുന്നതാണ്. 2014 സെപ്റ്റംബർ ഒന്നിനു സർവീസിലുള്ളവരിൽ ഓപ്ഷൻ നൽകിയവർ, ഓപ്ഷൻ നൽകാത്തവർ എന്നിങ്ങനെയും 2014 സെപ്റ്റംബർ ഒന്നിനു മുൻപു വിരമിച്ചവരിൽ ഓപ്ഷൻ നൽകിയവർ, ഓപ്ഷൻ നൽകാത്തവ എന്നിങ്ങനെയുമാണു തരംതിരിവ്. ഒരു തീയതിയുടെ അടിസ്ഥാനത്തിലുള്ള തംരംതിരിവ് യുക്തിക്കു നിരക്കുന്നതല്ല. തൊഴിലാളികൾക്ക് ഒന്നാകെ സമാന ആനുകൂല്യം ഉറപ്പാക്കേണ്ട പദ്ധതിയിൽ ഇത്തരം തരംതിരിവു നിയമവിരുദ്ധമാണ്.