കൊച്ചി ∙ നടൻ ദിലീപ് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നു പുറത്തായതിനെ സ്വാഗതം ചെയ്യുമ്പോഴും അദ്ദേഹത്തിനെതിരെ സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ താരസംഘടനയായ ‘അമ്മ’ നിർവാഹക സമിതിയുടെ വൈമുഖ്യം നിരാശപ്പെടുത്തിയെന്നു സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി.
‘‘ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടായാൽ ഉദാഹരണമായി എടുത്തു കാണിക്കാവുന്ന പ്രവർത്തനവും തീരുമാനങ്ങളും നിർവാഹക സമിതിയിൽ ഉണ്ടാകേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച സഹപ്രവർത്തകയെയും മറ്റു 3 പേരെയും രാജിവയ്ക്കാൻ നിർബന്ധിതരാക്കിയതു നിർവാഹക സമിതിയുടെ പക്ഷപാതപരമായ നിലപാടാണെന്നത് അവർ അവഗണിക്കുകയാണ്.
‘രാജ്യം ‘മീ ടൂ’ പോലുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണയ്ക്കുമ്പോൾ പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും ‘അമ്മ’യിൽ നിന്നുണ്ടാവുന്നതു ദൗർഭാഗ്യകരമാണ്. മലയാള സിനിമാ രംഗത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും അത്തരം ചൂഷണങ്ങളെ നിസാരവൽക്കരിക്കാനുമുള്ള ശ്രമങ്ങളിൽ പ്രതിഷേധിക്കുന്നു - കൂട്ടായ്മ പറഞ്ഞു. പിന്തുണയ്ക്കുന്നവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനായി പുതിയ ബ്ലോഗിനും (wcc.home.blog) രൂപം നൽകി.
സിനിമ സംഘടനകളിലെല്ലാം ആഭ്യന്തര സമിതി വേണം: ഹർജിയുമായി ഡബ്ല്യുസിസി
കൊച്ചി ∙ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാനുള്ള ആഭ്യന്തര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഹൈക്കോടതിയിൽ. അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഡബ്ല്യുസിസി കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. കേരള ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക, മാക്ട, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങി യ സംഘടനകളിൽ നിഷ്പക്ഷ അംഗങ്ങൾ ഉൾപ്പെട്ട സമിതി രൂപീകരിക്കണമെന്നാണു ഹർജിയിലെ ആവശ്യം. തൊഴിലിടത്തെ ലൈംഗികാതിക്രമം തടയൽ നിയമം അനുസരിക്കാൻ സംഘടനകൾക്കു ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.
യോജിച്ചു പോകണം: മന്ത്രി ബാലൻ
നാദാപുരം∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയും വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും യോജിച്ചു പോകണമെന്ന് മന്ത്രി എ.കെ. ബാലൻ. ഡബ്ല്യുസിസിയുടെ 3 പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അമ്മ പ്രസിഡന്റ് മോഹൻലാൽ സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമാണ്. സിനിമാ വ്യവസായത്തിന് ദോഷകരമാകുന്ന നടപടി ഡബ്ല്യുസിസിയുടെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് മന്ത്രി അഭ്യർഥിച്ചു.