സമൂഹമാധ്യമങ്ങളിൽ ജീവനക്കാർ പരിധിവിട്ടാൽ സ്ഥാപനങ്ങൾക്ക് നടപടിയെടുക്കാം: കോടതി

കൊച്ചി ∙ സമൂഹമാധ്യമങ്ങളിലൂടെ വൈകാരികമായി പ്രതികരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കിലും ചില സമയങ്ങളിൽ ജീവനക്കാരുടെ പ്രതികരണം സ്ഥാപന താൽപര്യത്തിനു വിരുദ്ധമാകാറുണ്ടെന്നു ഹൈക്കോടതി. 

സമൂഹമാധ്യങ്ങളിൽ എങ്ങനെ പെരുമാറണമെന്നതു വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതാണ്. ഇക്കാര്യത്തിൽ മാർഗരേഖയില്ലാത്തതു ചിലപ്പോഴെങ്കിലും പ്രശ്നങ്ങൾക്കു കാരണമാകാറുണ്ടെന്നു കോടതി പറഞ്ഞു.

സമൂഹമാധ്യമത്തിൽ പ്രതികരിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്തതിനെതിരെ എംജി സർവകലാശാലാ അസിസ്റ്റന്റ് എ.പി. അനിൽകുമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്. 

പ്രതികരണം സർവകലാശാലയെയോ ഉദ്യോഗസ്ഥരെയോ യൂണിയൻകാരെയോ ഉദ്ദേശിച്ചാണോ എന്നത് അന്വേഷണത്തിന്റെ ഭാഗമാകാം എന്നതിനാൽ അതു പരിശോധിക്കുന്നില്ലെന്നു കോടതി പറ‍ഞ്ഞു. 

സസ്പെൻഷന്റെ നിയമസാധുത വിലയിരുത്തുന്നില്ല. എന്നാൽ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നത് അന്വേഷത്തെ ബാധിക്കില്ല. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കരുതെന്നും കോടതി വ്യക്തമാക്കി.

സ്ഥാപനത്തിന്റെ ഭാഗമായി തിരിച്ചറിയപ്പെടുന്ന വ്യക്തികളുടെ പ്രതികരണം പരിധി വിട്ടാൽ സ്ഥാപനത്തിന്റെ അന്തസിനു കളങ്കമുണ്ടാകാമെന്നു കോടതി അഭിപ്രായപ്പെട്ടു.

 ഇത്തരം പ്രതികരണങ്ങൾ തടയാൻ സ്ഥാപനങ്ങൾക്കു നടപടി സാധ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ല. വ്യക്തി സ്വാതന്ത്ര്യം സ്ഥാപന താൽപര്യത്തിനു നിരക്കുന്നതല്ലെങ്കിൽ സ്ഥാപന താൽപര്യം മാനിക്കണം.

അതേസമയം, വ്യക്തികൾ നിശബ്ദരാകണമെന്ന് അധികൃതർ പ്രതീക്ഷിക്കരുത്. സ്ഥാപനത്തിന്റെ താൽപര്യത്തിനു വിരുദ്ധമല്ലാത്ത കാര്യങ്ങൾ വ്യക്തി സമൂഹമാധ്യമങ്ങളിൽ പറയുന്നതു സ്വതന്ത്രഭാഷണത്തിന്റെ ഭാഗമാണ്. ജനാധിപത്യ മൂല്യങ്ങളിലാണു പൊതുസ്ഥാപനങ്ങളുടെ നിലനിൽപ്. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യ മൂല്യങ്ങളുടെ മൂലക്കല്ലാണെന്നു കോടതി വ്യക്തമാക്കി.