6 നഗരങ്ങളിലേക്കു കൊച്ചിയിൽ നിന്ന് നേരിട്ടു വിമാന സർവീസ്

നെടുമ്പാശേരി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ശീതകാല വിമാനസർവീസുകളുടെ സമയവിവരപ്പട്ടിക നാളെ നിലവിൽ വരും. 2019 മാർച്ച് 30 വരെയാണു കാലാവധി. പുതിയ പട്ടിക പ്രാബല്യത്തിലാകുന്നതോടെ കൊച്ചിയിൽനിന്ന് ആഭ്യന്തര സെക്ടറിൽ 21 നഗരങ്ങളിലേക്കും രാജ്യാന്തര സെക്ടറിൽ 16 നഗരങ്ങളിലേക്കും നേരിട്ടു സർവീസുകളാകും. ബെംഗളുരുവിലേക്കാണ് ഏറ്റവുമധികം പ്രതിദിന സർവീസുകൾ –15.

ഗോവ, ഭുവനേശ്വർ, വിശാഖപട്ടണം, നാഗ്പുർ, ലക്നൗ, ഗുവാഹത്തി എന്നിവിടങ്ങളിലേക്കുള്ള പുതിയ സർവീസുകളാണ് പട്ടികയിലെ ആകർഷണം. നിലവിൽ കണക്‌ഷൻ വിമാനങ്ങളുള്ള ജയ്പുർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കു നേരിട്ടു സർവീസുകളാകും. പട്ടികയിൽ ആഴ്ചയിൽ ആകെ 1,734 സർവീസുകളാണുള്ളത്. വേനൽക്കാല പട്ടികയിൽ ഇത് 1,360 ആയിരുന്നു. പ്രതിദിന ശരാശരി വിമാനങ്ങളുടെ എണ്ണം 124 ലാൻഡിങും 124 ടേക് ഓഫും.

ഗോവയിലേക്ക് ഇൻഡിഗോ, ഗോ എയർ എന്നിവയാണ് സർവീസുകൾ ആരംഭിക്കുന്നത്.  ഡിസംബർ ഒന്നിനാണ് ഈ സർവീസുകൾ തുടങ്ങുക. നാഗ്പുർ സർവീസ് നവംബർ 15നു തുടങ്ങും. ഗോ എയറിന്റെ അഹമ്മദാബാദ് വഴിയുള്ള ജയ്പുർ സർവീസിനു പുറമേ നവംബർ 15 മുതൽ ഇൻഡിഗോ ജയ്പ‌ുർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കു നേരിട്ടു സർവീസുകൾ ആരംഭിക്കും. കൊൽക്കത്ത വിമാനം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7നാണ് പുറപ്പെടുക. രാജ്യാന്തര സെക്ടറിൽ മാലി, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ പുതിയ സർവീസുകൾ തുടങ്ങുന്നുണ്ട്. എയർ ഏഷ്യയുടെ പുതിയ ക്വാലലംപൂർ സർവീസ് ജനുവരിയിൽ തുടങ്ങും.