Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെടുമ്പാശേരി കള്ളനോട്ട് കടത്ത്: ഒന്നാം പ്രതി ആബിദ് ചുള്ളികിളവന് 10 വർഷം തടവ്

Representative Image

കൊച്ചി∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിന്റെ സംഘത്തിനു ബന്ധമുണ്ടെന്നു കണ്ടെത്തിയ നെടുമ്പാശ്ശേരി കള്ളനോട്ട് കടത്തുകേസിലെ പ്രതിക്ക് പത്തു വർഷം കഠിന തടവ്. ഒന്നാം പ്രതി ആബിദ് ചുള്ളികിളവനെയാണ് എൻഐഎ കോടതി ശിക്ഷിച്ചത്. 75,000 രൂപ പിഴയും ഒടുക്കണം. 489 ബി വകുപ്പ് പ്രകാരം 10 വർഷം തടവും 50,000 രൂപയും സി വകുപ്പ് പ്രകാരം അഞ്ചു വർഷവും 25,000 രൂപയുമാണ് കോടതി വിധിച്ചത്. തടവ് ശിക്ഷ ഒന്നിച്ചു പത്തു വർഷം അനുഭവിച്ചാൽ മതിയെന്നു കോടതി വ്യക്തമാക്കി.

കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അഫ്താബ് ബട്കി പ്രതിയായ നെടുമ്പാശേരി കള്ളനോട്ടു കടത്തു കേസിൽ ആബിദ് ചുള്ളികിളവൻ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിലെ മറ്റു മൂന്നു പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു വെറുതേ വിട്ടു. കേസിലെ അഞ്ചാം പ്രതിയാണു ബട്കി. അറസ്റ്റ് ചെയ്യാനാവാത്തതിനാൽ ഇയാളുടെ വിചാരണ നടന്നിട്ടില്ല. ആറാം പ്രതി കുഞ്ഞുമുഹമ്മദ് നേരത്തെ കേസിൽ മാപ്പു സാക്ഷിയായിരുന്നു. 2013 ജനുവരി 26നാണ് നെടുമ്പാശേരി വിമാനത്താവളം വഴി 9.75 ലക്ഷം രൂപയുടെ മൂല്യമുള്ള കള്ളനോട്ട് കടത്തുന്നതിനിടെ ആബിദ് പിടിയിലായത്.