ജി. രാമൻ നായർ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സമ്മേളന വേദിയിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, സംസ്ഥാന ഉപാധ്യക്ഷനായി തന്നെ പ്രഖ്യാപിക്കുന്നതുകേട്ടു വിതുമ്പുന്ന ജി. രാമൻ നായർ. ചിത്രം: മനോരമ

കോട്ടയം ∙  കോൺഗ്രസ് മുൻ നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ ജി. രാമൻ നായരെ ബിജെപി ഉപാധ്യക്ഷനായും വനിതാ കമ്മീഷൻ മുൻ അംഗം ജെ. പ്രമീള ദേവിയെ സംസ്ഥാന സമിതി അംഗമായും നാമനിർദേശം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള അറിയിച്ചു.

കോൺഗ്രസിന്റെ ഉന്നത സ്ഥാനങ്ങളിൽ നിന്നു കൂടുതൽ പേർ ബിജെപിയിലേക്കെത്തുമെന്നു കോട്ടയത്തു ബിജെപി ശബരിമല സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. ജി. രാമൻ നായരും ജെ. പ്രമീള ദേവിയും സമ്മേളനത്തിൽ പങ്കെടുത്തു.

ഇരുവരുടെയും വരവൊരു തുടക്കം മാത്രമാണ്. സന്യസിക്കാനല്ല പാർട്ടിയിൽ ചേരുന്നത്. വരുന്നവർക്ക് അർഹമായ സ്ഥാനം നൽകണം. അതിനെപ്പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അതിനാലാണു പേരുകൾ വെളിപ്പെടുത്താതതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പിയിലേയ്ക്ക് ആരുവന്നാലും സ്വീകരിക്കും. എം.എം.ലോറൻസിന്റെ കുടുംബത്തിൽ ആർക്കു വേണമെങ്കിലും അംഗത്വം നൽകാൻ തയാറാണ്. ലോറൻസിന്റെ മകളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ ആ കുടുംബത്തെ ബിജെപി ഏറ്റെടുക്കുമെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.